റായ്പുര്‍: ദീപിക പദുക്കോണ്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഛപാകി’ന് മധ്യപ്രദേശിനും ഛത്തീസ്ഗഢിനും പിന്നാലെ പുതുച്ചേരിയും നികുതിയിളവ് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ നികുതി ഇളവു പ്രഖ്യാപിച്ചിട്ടുള്ളത്.
ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥപറയുന്ന ദീപികാ പദുക്കോണ്‍ ചിത്രമാണ് ‘ ഛപാക് ‘. വെള്ളിയാഴ്ചയാണ് ചിത്രം പുറത്തിറങ്ങുന്നത്. എല്ലാവരും കുടുംബസമേതം ചിത്രം കാണണമെന്നും സ്ത്രീകള്‍ക്കുനേരെയുള്ള ആസിഡ് ആക്രമണങ്ങള്‍ക്കെതിരായ സന്ദേശം നല്കുന്ന സിനിമയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മറ്റുള്ളവരെ ബോധവത്കരിക്കണമെന്നും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍ പറഞ്ഞു.
അതേസമയം, യുപിയില്‍ ചിത്രത്തിന് സമാജ്വാദി പാര്‍ട്ടി അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ തിയേറ്ററുകള്‍ വാടകയ്ക്കെടുത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി സൗജന്യ പ്രദര്‍ശനം ഒരുക്കുന്നുണ്ട്. ഇതിനായി ലഖ്നൗവിലെ ഒരു തിയേറ്റര്‍ വാടകക്കെടുത്തിരിക്കുകയാണ് എസ്പി. പഞ്ചാബ് സര്‍ക്കാരിന്റെ കീഴില്‍ സാമൂഹിക സുരക്ഷ വകുപ്പും ശനിയാഴ്ച പ്രദര്‍ശനം ഒരുക്കുന്നുണ്ട്.
ജെഎന്‍യുവില്‍ ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ദീപികയെ അനുകൂലിച്ചും എതിര്‍ത്തും ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിരുന്നു.
Discussion about this post