ജെഎന്‍യുവില്‍ ആക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചതിന്റെ പേരില്‍ വലിയ തോതിലുള്ള സൈബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. താരത്തിന്റെ ചിത്രം ബഹിഷ്കരിക്കണമെന്നാണ് ബിജെപി നേതാക്കളുടെ ആഹ്വാനം. ഇപ്പോഴിതാ ദീപിക പദുക്കോണിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായനും നിര്‍മ്മാതാവുമായ അമല്‍ നീരദ്. വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ദീപികയുടെ ചിത്രമായ ‘ഛപാക്’ എല്ലാവരും തീയ്യേറ്ററുകളില്‍ പോയി കാണണമെന്നാണ് അമല്‍ നീരദ് ഫേസ്ബുക്കില്‍ കുറിച്ചത്.
‘ഛപാക്കിന്റെ റിലീസിന് മുന്നോടിയായി മേഘ്ന ഗുല്‍സeറിനും ദീപിക പദുക്കോണിനും എന്റെ ഹൃദയപൂര്‍വ്വമായ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു. ഇരുവരുടെയും വലിയ ഒരു ആരാധകനാണ് ഞാന്‍. ‘തല്‍വാര്‍’ എന്ന ചിത്രം അതിന്റെ ബ്രില്ല്യന്‍സ് കൊണ്ട് സ്നേഹം പിടിച്ചു പറ്റുന്നുണ്ടെങ്കില്‍, ‘റാസി’യോളം എന്നിലെ ദേശസ്നേഹിയെ ഇത്രമേല്‍ തിരിച്ചറിയാന്‍ സഹായിച്ച മറ്റൊരു ചിത്രം ഓര്‍മിക്കാന്‍ കഴിയുന്നില്ല. ദീപികയുടെ ചിത്രങ്ങള്‍ പിന്തുടരുന്ന ഒരാള്‍ കൂടിയാണ് ഞാന്‍. ‘ഓം ശാന്തി ഓം’ മുതല്‍ ‘പിക്കു’ വരെ എല്ലാം ചിത്രങ്ങളും എനിക്ക് ഒത്തിരി ഇഷ്ടമാണ്. ‘ദം മാരോ ദം,’ ‘റാബ്ത’ എന്നീ ചിത്രങ്ങളില്‍ അതിഥി വേഷത്തില്‍ എത്തിയതുള്‍പ്പടെ എനിക്ക് ഇഷ്ടമാണ്.
വിഷാദരോഗവുമായുള്ള പോരാട്ടങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ചത്, മറ്റുള്ളവരെ രോഗത്തെക്കുറിച്ച് മനസിലാക്കുന്നതിനും തിരിച്ചറിയുന്നതിനും പ്രചോദിപ്പിച്ചപ്പോള്‍, അവരുടെ ആരാധകനായതില്‍ ഞാന്‍ ഏറെ അഭിമാനം കൊണ്ടു. ഒരു നിര്‍മ്മാതാവ് അല്ലെങ്കില്‍ സംവിധായകന് എന്നനിലയില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം റിലീസ് ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് ജെഎന്‍യു വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ അവര്‍ തീരുമാനിച്ചത് അവര്‍ക്ക് എളുപ്പമായിരുന്നിരിക്കില്ലെന്ന് ഞാന്‍ മനസിലാക്കുന്നു. അതിന് ചങ്കൂറ്റവും ദയയും വേണം! സിനിമ ഇഷ്ടപ്പെടുന്ന എല്ലാവരും തിയ്യേറ്ററുകളില്‍ പോയി ഈ വെള്ളിയാഴ്ച പുറത്തിറങ്ങുന്ന ‘ഛപാക്ക്’ കാണണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’ എന്നാണ് അമല്‍ നീരദ് ഫേസ്ബുക്കില്‍ കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് ദീപിക പദുക്കോണ്‍ ജെഎന്‍യു ക്യാമ്പസില്‍ നേരിട്ടെത്തി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും സര്‍വകലാശാലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തുന്നതിന് ഇടയിലായിരുന്നു ദീപികയുടെ സന്ദര്‍ശനം
Discussion about this post