തൊണ്ണൂറുകളില്‍ മലയാളികളുടെ പ്രിയപ്പെട്ട ജോഡികളായ സുരേഷ് ഗോപി-ശോഭന കൂട്ടുക്കെട്ട് നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്നത്. ചിത്രത്തില്‍ ശോഭനയ്ക്ക് വേണ്ടി ശബ്ദം നല്‍കിയിരിക്കുന്നത് പതിവുപോലെ ഭാഗ്യലക്ഷ്മിയാണ്. ഒരുപാട് നാളുകള്‍ക്ക് ശേഷം ശോഭനയ്ക്ക് വീണ്ടും ശബ്ദം നല്കാന് കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഭാഗ്യലക്ഷ്മി.
ശോഭന ഇപ്പോഴും എന്തൊരു സുന്ദരിയാണെന്നാണ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചത്. സുരേഷ് ഗോപിയുടെ നല്ലൊരു തിരിച്ചു വരവായിരിക്കും ഈ സിനിമയെന്നും അവര്‍ ഫേസ്ബുക്കില്‍ കൂട്ടിച്ചേര്‍ത്തു.
ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
ഒരു നീണ്ട ഇടവേളക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും അഭിനയിക്കുന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. സംവിധായകന് അനൂപ് സത്യന്.(സത്യന് അന്തിക്കാടിന്റെ മകന്)നാല്പതു വര്‍ഷത്തെ ഡബ്ബിങ് ജീവിതത്തില്‍ ഒരു സിനിമക്ക് ഡബ്ബിങ് ചെയ്യാന്‍ പോകുമ്പോള്‍ സംവിധായകര്‍ വിശദമായി കഥ പറഞ്ഞു തരുന്ന കീഴ് വഴക്കം അപൂര്‍വ്വമാണ്. മൈക്കിന് മുമ്പില്‍ നില്ക്കുമ്പോള് ചെറുതായി ഒന്ന് സന്ദര്‍ഭം പറഞ്ഞു തരും അത്ര തന്നെ.പക്ഷെ ഈ സിനിമക്ക് ശോഭനയ്ക്ക് ഡബ്ബിങ് ചെയ്യാന്‍ ഞാന്‍ കൊച്ചിയില്‍ പോയപ്പോള്‍ കഥ കേള്‍ക്കാന്‍ ഞാന്‍ സ്റ്റുഡിയോയില്‍ ചെല്ലാം എന്ന് പറഞ്ഞു. പക്ഷെ സംവിധായകന് അനൂപ് ഹോട്ടലില്‍ വന്നാണ് കഥ പറഞ്ഞു തന്നത്.
അഭിനയിക്കുന്ന വ്യക്തിക്ക് പറഞ്ഞു കൊടുക്കുന്ന അതേ പോലെ സീന്‍ ബൈ സീന്‍ ആയി വളരേ വിശദമായിട്ട്. ഒരു കലാകാരനെ/കലാകാരിയെ ബഹുമാനിക്കുന്ന യുവ തലമുറയെ ഞാനും ബഹുമാനത്തോടെ നോക്കി. കുറേ കാലത്തിനു ശേഷമാണ് ഉടനീളമുളള ഒരു നല്ല കഥാപാത്രത്തിന് ഡബ്ബ് ചെയ്യുന്നത്.അതിന്റെ ഒരു സന്തോഷം എനിക്കുമുണ്ടായിരുന്നു.സത്യേട്ടനെ പോലെ തന്നെ അനൂപും.. നന്നായി ഡബ്ബ് ചെയ്താല്‍ അസ്സലായി അടിപൊളി എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നത് വല്ലാത്ത ഉത്സാഹം തരുന്നുണ്ടായിരുന്നു. ശോഭന എന്തൊരു സുന്ദരിയാണ് ഇപ്പോഴും. സുരേഷ് ഗോപിയുടെ നല്ലൊരു തിരിച്ചു വരവായിരിക്കും ഈ സിനിമ. നമ്മള് അദ്ദേഹത്തെ വല്ലാതെ ഇഷ്ടപ്പെട്ടു പോകും.നല്ലൊരു സിനിമ..