കാര്‍ അപകടത്തില്‍ തനിക്ക് നഷ്ടപ്പെട്ട മകളെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി. നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ എന്ന പരിപാടിയിലാണ് താരം മകളെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്. തന്റെ മകള്‍ അന്ത്യവിശ്രമം കൊള്ളുന്നത് ഇന്ദ്രന്‍സ് തുന്നിയ തന്റെ ഇഷ്ട നിറമുള്ള ഷര്‍ട്ടിന്റെ ചൂടേറ്റാണെന്നാണ് വികാരഭരിതനായി സുരേഷ് ഗോപി പറഞ്ഞത്.
‘1992-ല്‍ പുറത്തിറങ്ങിയ ‘ഉത്സവമേളം’ എന്ന ചിത്രത്തില്‍ വളരെ കളര്‍ഫുള്‍ ആയ വസ്ത്രങ്ങള്‍ ആയിരുന്നു എനിക്ക് വേണ്ടി തയ്യാറാക്കിയിരുന്നത്. ഒരു രംഗത്തില്‍ ഞാന്‍ മഞ്ഞയില്‍ നേര്‍ത്ത വരകളുള്ള ഒരു ഷര്‍ട്ട് ആണ് അണിഞ്ഞിരുന്നത്. എനിക്ക് മഞ്ഞ നിറത്തോട് വല്ലാത്ത ഇഷ്ടമാണ്. മമ്മൂക്ക അടക്കമുള്ളവര്‍ ‘മഞ്ഞന്‍’ എന്നാണ് വിളിച്ചിരുന്നത്. നടന്‍ ഇന്ദ്രന്‍സ് ആയിരുന്നു ആ ചിത്രത്തിന്റെ വസ്ത്രാലങ്കാരം ചെയ്തത്. ചിത്രത്തിന്റെ ചിത്രീകരണം കഴിയുമ്പോള്‍ ആ മഞ്ഞ ഷര്‍ട്ട് എനിക്ക് തരണമെന്ന് ഞാന്‍ ഇന്ദ്രന്‍സിനോട് പറഞ്ഞിരുന്നു. ചിത്രീകരണം കഴിഞ്ഞപ്പോള്‍ ഇന്ദ്രന്‍സ് ഭദ്രമായി മടക്കി ആ മഞ്ഞ ഷര്‍ട്ട് എനിക്ക് സമ്മാനിച്ചു.
പിന്നീട് എന്റെ മകള്‍ ലക്ഷ്മി കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ ഞാന്‍ അണിഞ്ഞിരുന്നത് ഇന്ദ്രന്‍സ് നല്‍കിയ ആ മഞ്ഞ ഷര്‍ട്ട് ആയിരുന്നു. ഹോസ്പിറ്റലില്‍ എന്റെ മകളുടെ അടുത്തു നില്‍ക്കുമ്പോഴൊക്കെ എന്റെ വേഷം അതായിരുന്നു. ഒടുവില്‍ അവളെ എനിക്ക് നഷ്ടപ്പെട്ടു. എന്റെ മകളെ അടക്കം ചെയ്തപ്പോള്‍ ഇന്ദ്രന്‍സ് തന്ന ആ മഞ്ഞ ഷര്‍ട്ട് അവളെ പുതപ്പിച്ചാണ് കുഴിമാടത്തില്‍ കിടത്തിയത്. ഇന്ദ്രന്‍സ് തുന്നിയ എന്റെ ഇഷ്ട നിറമുള്ള ഷര്‍ട്ടിന്റെ ചൂടേറ്റാണ് എന്റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നത്’ എന്നാണ് പരിപാടിയില്‍ വികാരഭരിതനായി സുരേഷ് ഗോപി പറഞ്ഞത്.