ജെഎന്‍യുവില്‍ ഇരുട്ടിന്റെ മറവില്‍ നടന്ന ആക്രമണത്തില്‍ പ്രതികരണവുമായി നടി മഞ്ജൂ വാര്യര്‍.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനിടയിലും അവര്‍ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്, പുറത്തുനിന്നുള്ളവര്‍ കൂടി ചേര്‍ന്നു ഇരുളിന്റെ മറവില്‍ അക്രമം നടത്തുന്നുവെന്നു പറയുമ്പോള്‍ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ലെന്ന് മഞ്ജൂ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം ജെഎന്‍യു ആക്രമണത്തില്‍ അക്രമികള്‍ എന്ന് സംശയിക്കുന്ന പുറത്തുനിന്നുള്ള നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ 30 വിദ്യാര്‍ത്ഥികള്‍ക്കും 12 അധ്യാപകര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷ്, അധ്യാപിക പ്രൊഫ സുചിത്ര സെന്‍ ഉള്‍പ്പെടെയുള്ളവര്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
ആക്രമണത്തിന് പിന്നില്‍ പുറത്തുനിന്നുള്ള എബിവിപി, ബിജെപി പ്രവര്‍ത്തകരാണെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ആക്രണത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ക്യാമ്പസിന് പുറത്തുനിന്നും നിരവധി പേര് എത്തി ആക്രമണം നടത്തിയെന്നും വിദ്യാര്‍ത്ഥികള്‍പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ജെ.എൻ.യുവിൽനിന്നുള്ള മുഖങ്ങൾ രാവിലെ ടിവിയിൽ കണ്ടപ്പോൾ ഞെട്ടിപ്പോയി. ചോര ഒലിച്ചുകൊണ്ടുള്ള കുറെ മുഖങ്ങൾ. രാത്രി അവരെ മൂന്നു മണിക്കൂറോളം പലരും ചേർന്ന് അക്രമിച്ചിരിക്കുന്നു. ജെഎൻയു എന്നതു ഈ രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നു. അവിടെ പഠിക്കുക എന്നതു അറിവിന്റെ മാനദണ്ഡമായിരുന്നു. അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും. അവരുടെ രാഷ്ട്രീയം പലതായിരുന്നുവെങ്കിലും അവരുടെ രാജ്യസ്നേഹം ചോദ്യം ചെയ്യാനാകില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനിടയിലും അവർ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്. പുറത്തുനിന്നുള്ളവർ കൂടി ചേർന്നു ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നുവെന്നു പറയുമ്പോൾ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ല. കുട്ടികളെ അവിടെ പഠിപ്പിക്കാൻ വിട്ട അമ്മമാരിൽ ഭൂരിഭാഗവും സാധാരണക്കാരാകും. ടിവിയിൽ ചോരയിൽ കുതിർന്ന പലരുടെയും മുഖങ്ങൾ കാണുമ്പോൾ ആ അമ്മമാരുടെ മനസ്സിന്റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നിൽക്കാതിരിക്കാനാകില്ല. ഞാനും കൂടെ നിൽക്കുന്നു.
Discussion about this post