ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് അനുകമ്പയുടെ ആവശ്യമില്ലെന്നും അവര്‍ക്ക് തുല്യ പരിഗണനയാണ് ആവശ്യമെന്നും നമ്മളില്‍ ഒരാളായി അവരെ പരിഗണിക്കാന്‍ നമ്മള്‍ ശീലിക്കണമെന്നും ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണ്‍. തന്റെ പുതിയ ചിത്രമായ ‘ഛപാകി’ന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവേയാണ് താരം ഇത്തരത്തില്‍ പ്രതികരിച്ചത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥയാണ് ചിത്രം പറയുന്നത്.
‘ഛപാക് എന്ന ചിത്രം നിര്‍മ്മിക്കാനും അതില്‍ അഭിനയിക്കാന്‍ ഞാന്‍ തീരുമാനിച്ചത് ഈ ചിത്രം എത്രത്തോളം ആളുകളിലേക്ക് എത്തുന്നുവോ അത്രത്തോളം അത് സമൂഹത്തിന്, രാജ്യത്തിന്, ഈ ലോകത്തിന് ഗുണം ചെയ്യും എന്നതുകൊണ്ടു കൂടിയാണ്. ലക്ഷ്മിയും അവളെപ്പോലെയുള്ള മറ്റ് ആസിഡ് ആക്രമണത്തിന്റെ ഇരകളും നമ്മളെ എത്രത്തോളം പ്രേേചാദിപ്പിക്കുന്നുണ്ട് എന്നതൊക്കെ വളരെ പ്രധാനപ്പെട്ടതാണ്. അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടും അതിനെ അവര്‍ എങ്ങനെ അതിജീവിക്കുന്നു എന്നാണ് ഈ ചിത്രത്തില്‍ പറയുന്നത്.
അതേസമയം ആസിഡ് ആക്രമണ ഇരകളോടുള്ള നമ്മുടെ സമൂഹത്തിന്റെ മനോഭാവത്തെക്കുറിച്ച് പറയുകയാണെങ്കില്‍ മറ്റുള്ളവരെപ്പോലെ തുല്യരായി അവരെ കാണാന്‍ ഇപ്പോഴും നമ്മുടെ സമൂഹം തയാറാകുന്നില്ല. എന്തോ കുറവുകളുള്ള ആളുകളായാണ് അവരെ ഇപ്പോഴും സമൂഹം കാണുന്നത്. എന്നാല്‍ അവരുടെ ജീവിതം നമ്മുടേതില്‍ നിന്ന് വ്യത്യസ്തമല്ല. അതുകൊണ്ടു തന്നെ നമ്മളില്‍ ഒരാളായി അവരെ കാണാന്‍ നമ്മള്‍ ശീലിക്കണം. അവര്‍ക്ക് ആരുടെയും അനുകമ്പയുടെ ആവശ്യമില്ല. അവര്‍ക്ക് വേണ്ടത് തുല്യ പരിഗണനയാണ്’ എന്നാണ് ദീപിക പരിപാടിയില്‍ പറഞ്ഞത്.
സൂപ്പര്‍ ഹിറ്റ് ചിത്രം ‘റാസി’യ്ക്ക് ശേഷം മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഛപാക്’. മാലതി എന്ന കഥാപാത്രമായിട്ടാണ് ദീപിക പദുക്കോണ്‍ ചിത്രത്തില്‍ എത്തുന്നത്. താരത്തിന്റെ കരിയറിലെ തന്നെ മികച്ച ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വിക്രം മാസ്സിയാണ് ചിത്രത്തിലെ നായകന്‍. 2020 ജനുവരി 10ന് ചിത്രം തീയ്യേറ്ററുകളിലെത്തും.
Discussion about this post