ഈയിടെ അന്തരിച്ച പ്രമുഖ ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബുവിന് കലാകേരളം അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലെന്ന് സംവിധായകന്‍ ആര്‍ സുകുമാരന്‍. അദ്ദേഹത്തിന്റെ ഭൗതിക ശരീരം തിരുവനന്തപുരം പേട്ടയിലെ വീട്ടിലും കലാഭവനിലും പൊതുദര്‍ശനത്തിന് വെച്ചിരുന്നു. എന്നാല്‍ മലയാളത്തില്‍ നിന്ന് ഒരു നടിയോ നടനോ പോലും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയില്ലെന്നാണ് സംവിധായകന്‍ ആര്‍ സുകുമാരന്‍ പറഞ്ഞത്.
അദ്ദേഹം നമ്മളെ വിട്ടുപോയിട്ട് ദിവസം ഇത്രയും ആയിട്ടും ഒരു അനുശോചന യോഗം പോലും നടത്തിയില്ല. ഇത്രയും നന്ദികേട് മലയാള സിനിമയില്‍ മാത്രമേ കാണുകയുള്ളൂ. ആ കലാകാരനോട് കലാകേരളം കാണിച്ച ക്രൂരതയോര്‍ത്ത് ലജ്ജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തില്‍ കൊമേഴ്സ്യല്‍ ചിത്രമെന്നോ അവാര്‍ഡ് ചിത്രമെന്നോ വേര്‍തിരിവ് കൂടാതെ എല്ലാത്തരം ചിത്രങ്ങളോടും അദ്ദേഹം സഹകരിച്ചിട്ടുണ്ട്. തന്നോടൊപ്പം യുഗപുരുഷന്‍ എന്ന സിനിമയ്ക്ക് വേണ്ടി ലൊക്കേഷന്‍ തേടി മാസങ്ങളോളം കേരളം, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ അദ്ദേഹം ഒപ്പമുണ്ടായിരുന്നെന്നും സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 21ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് ഹൃദ്രോഗബാധയെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോഴിക്കോട്ട് ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലൊക്കേഷന്‍ പരിശോധിക്കാന്‍ എത്തിയപ്പോള്‍ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. അഞ്ച് പതിറ്റാണ്ടോളം നീണ്ട കരിയറില്‍ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, അറബിക് ഭാഷയിലെ ചിത്രങ്ങള്‍ക്കുവേണ്ടിയും അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
Discussion about this post