മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ലൂസിഫര്‍’. ചുരുങ്ങിയ സമയം കൊണ്ട് നൂറുകോടി ക്ലബില്‍ ഇടംനേടിയ ചിത്രം കൂടിയായിരുന്നു ഈ ചിത്രം. ഈ ചിത്രത്തിന് ശേഷം തന്നെ തേടി വന്ന ഒരു മഹാഭാഗ്യത്തെ കുറിച്ചും അത് നിഷേധിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും ആരാധകരോട് തുറന്നു പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. തന്റെ പുതിയ ചിത്രമായ ‘ഡ്രൈവിംഗ് ലൈസന്‍സി’ന്റെ വിജയാഘോഷത്തില്‍ ആരാധകരോട് സംസാരിക്കവേയാണ് പൃഥ്വിരാജ് ഈ കാര്യത്തെ കുറിച്ച് പറഞ്ഞത്.
‘ലൂസിഫര്‍ റിലീസായ സമയത്ത് രജനി സാര്‍ എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തെ നായകനാക്കി സിനിമ ഒരുക്കുന്നതിനെക്കുറിച്ചും അദ്ദേഹം എന്നോട് സംസാരിച്ചു. അദ്ദേഹത്തെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാമോ എന്നാണ് രജനി സാര്‍ അന്ന് എന്നോട് ചോദിച്ചത്. എന്നാല്‍ ഞാന്‍ ആടുജീവിതം എന്ന ചിത്രത്തിന്റെ തിരക്കിലായതിനാല്‍ എനിക്കത് ചെയ്യാന്‍ സാധിച്ചില്ല. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായാണ് ഞാന്‍ ഇതിനെ കാണുന്നത്. എന്റെ ജീവിതത്തില്‍ ഇത്ര വലിയ ക്ഷമാപണം ചോദിച്ച് വേറെ ആര്‍ക്കും എനിക്ക് മെസേജ് അയക്കേണ്ടി വന്നിട്ടില്ല. രജനി സാര്‍ വച്ചുനീട്ടിയ അവസരം നിഷേധിച്ചത് വലിയ നഷ്ടമാണ്’ എന്നാണ് പൃഥ്വിരാജ് പരിപാടിയില്‍ പറഞ്ഞത്.
സുരാജ് വെഞ്ഞാറമൂടിനെയും പൃഥ്വിരാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഡ്രൈവിംഗ് ലൈസന്‍സ്’. ചിത്രത്തില്‍ ആഡംബര കാറുകളോട് ഭ്രമമുള്ള സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. ആ താരത്തിന്റെ കടുത്ത ആരാധകനായുള്ള വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് സുരാജ് എത്തിയത്. ദീപ്തി സതി, മിയ, ശിവജി ഗുരുവായൂര്‍, മേജര്‍ രവി, സലിംകുമാര്‍, സുരേഷ് കൃഷ്ണ, സൈജു കുറുപ്പ്, ലാലു അലക്സ്, നന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Discussion about this post