ഈശ്വരന്റെ മറ്റൊരു പ്രതിരൂപവുമായി ‘അപ്പോസ്തലന്‍’; ജയസൂര്യയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ജയസൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അപ്പോസ്തലന്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, ആസിഫ് അലി, മംമ്ത മോഹന്‍ദാസ്, ഹണി റോസ്, മിയ എന്നിവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

‘ചില കഥാപാത്രങ്ങളെ അറിഞ്ഞ് കഴിഞ്ഞാല്‍ ആ വ്യക്തിയായി മാറാനുള്ള കാത്തിരിപ്പ്, അത് പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത ഒരു അനുഭവമാണ്. നവാഗത സംവിധായകന്‍ ബാവയും, നിര്‍മ്മാതാവ് അരുണ്‍ നാരായണനും ഈ കഥയും കഥാപാത്രവും പറഞ്ഞു കഴിഞ്ഞപ്പോള്‍, ദൈവത്തോട് ഞാന്‍ നന്ദി പറയുകയായിരുന്നു, ഇത് എന്നിലേക്ക് എത്തിച്ചത്. ഈ ‘അപ്പോസ്തലന്‍’ ഈശ്വരന്റെ മറ്റൊരു പ്രതിരൂപമാണ്’ എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചത്.

കെഎസ് ബാവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരിയില്‍ കൊച്ചിയില്‍ ആരംഭിക്കും. കൊച്ചിക്ക് പുറമേ മൊറാക്കോ, സിറിയ, ഇറ്റലി എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

Exit mobile version