പൗരത്വ ഭേദഗതിയില്‍ പ്രതിഷേധിച്ച ചലച്ചിത്രപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാക്കള്‍ക്ക് മറുപടിയുമായി നടി റിമ കല്ലിങ്കല്‍. മണ്ടന്മാരെ പ്രശസ്തരാക്കുന്ന പരിപാടി നിര്‍ത്താം എന്ന് ഫേസ്ബുക്കില്‍ കുറിച്ച് കൊണ്ടാണ് റിമ പ്രതികരണം അറിയിച്ചത്. ആര്‍ട്ടിസ്റ്റ് പവി ശങ്കര്‍ വരച്ച നടി ഫിലോമിനയുടെ ആരെടാ നാറി നീ എന്ന ചിത്രവും ഇതോടൊപ്പം റിമ പങ്കുവെച്ചിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍ അടക്കം നിരവധി പേര് റാലി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാക്കള്‍ ഭീഷണിയുമായി രംഗത്തെത്തിയത്.
കുമ്മനം രാജശേഖരനും സന്ദീപ് വാര്യരുമാണ് ഇന്നലെ കൊച്ചിയില്‍ പ്രതിഷേധിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ രംഗത്തുവന്നത്. പ്രതിഷേധിച്ച സിനിമാക്കാര്‍ക്ക് രാജ്യസ്നേഹമില്ലെന്നും പ്രതിഷേധിച്ചത് തെറ്റാണെന്നും ഇവരുടെ ദേശസ്നേഹം കാപട്യമാണെന്നുമാണ് കുമ്മനം പറഞ്ഞത്.
സന്ദീപ് വാര്യരാകട്ടെ ചലച്ചിത്ര പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്ന സിനിമാക്കാര്, പ്രത്യേകിച്ച് നടിമാര്‍ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളില്‍ ആദായ നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്ത പക്ഷം നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ കണ്ണീരൊഴുക്കരുതെന്നുമാണ് സന്ദീപ് വാര്യരുടെ ഭീഷണി.
ബിജെപി നേതാക്കളുടെ ഭീഷണിക്ക് നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ക്ക് മറുപടിയുമായി ആഷിഖ് അബു രംഗത്തെത്തിയിരുന്നു. ചാണകത്തില്‍ ചവിട്ടില്ലെന്നും, അവഗണിക്കേണ്ടതിനെ അവഗണിക്കാന്‍ പഠിക്കലാണ് അറിവ് എന്നും ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ടാണ് ആഷിഖ് പ്രതികരിച്ചത്.
Discussion about this post