തനിക്ക് പോലീസ് വേഷങ്ങളോട് താല്‍പര്യമില്ലെന്ന് വ്യക്തമാക്കി സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്. അതേസമയം ഇനി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിക്കണം എന്നാണ് തന്റെ ആഗ്രഹം എന്നാണ് രജനീകാന്ത് പറഞ്ഞത്.
വര്‍ഷങ്ങളായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന താന്‍ ഇതിനകം എല്ലാത്തരം വേഷങ്ങളും ചെയ്തിട്ടുണ്ട്. ഇനി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിക്കണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം എന്നാണ് സ്റ്റൈല്‍ മന്നല്‍ വ്യക്തമാക്കിയത്. പോലീസ് വേഷം ചെയ്യാന്‍ താല്‍പര്യം ഇല്ലാത്തിരുന്ന ഞാന്‍ ‘ദര്‍ബാറി’ലേത് വ്യത്യസ്തമായ പോലീസ് വേഷമായതു കൊണ്ടാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
എആര്‍ മുരുകദോസ് രജനീകാന്തിനെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദര്‍ബാര്‍’. ചിത്രത്തില്‍ ആദിത്യ അരുണാചലം എന്ന പോലീസ് ഓഫീസര്‍ ആയിട്ടാണ് താരം എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് രജനീകാന്ത് പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ നായികയായി എത്തുന്നത് തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ്. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. കുസേലന്‍, ശിവജി, ചന്ദ്രമുഖി എന്നീ ചിത്രങ്ങളിലാണ് ഇരുവരും നേരത്തേ ഒരുമിച്ചത്. ബോളിവുഡ് താരം സുനില്‍ ഷെട്ടിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. 2020 പൊങ്കല്‍ റിലീസായാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തുക.