പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. അതേസമയം ഈ പ്രതിഷേധങ്ങള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രമായ ‘പംഗ’യുടെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് താരം വിവാദ പ്രസ്താവന നടത്തിയത്.
‘നമ്മുടെ രാജ്യത്ത് മൂന്നോ നാലോ ശതമാനം ആളുകള്‍ മാത്രമാണ് നികുതി അടയ്ക്കുന്നത്. ബാക്കിയെല്ലാവരും അവരെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ രാജ്യത്തെ
ബസുകളും ട്രെയിനുകളും കത്തിക്കാനും പ്രതിഷേധിക്കാനും നിങ്ങള്‍ക്ക് ആരാണ് അവകാശം നല്‍കിയത്. ഒരു ബസിന് വളരെയധികം ചെലവ് വരും. ഇത് ഒരു ചെറിയ തുകയല്ല. രാജ്യത്ത് പോഷകാഹാരക്കുറവ് മൂലം മരിക്കുന്ന ധാരാളം ആളുകളുണ്ട്. അതിനാല്‍ ജനാധിപത്യത്തിന്റെ പേരില്‍ ആളുകളെ അക്രമത്തിനു പ്രേരിപ്പിക്കുന്നത് ശരിയല്ല. ഇതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം’ എന്നാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യത്തിന് താരം നല്‍കിയ മറുപടി.
അതേസമയം കങ്കണയുടെ ഈ വിവാദ പ്രസ്താവനയ്ക്ക് എതിരെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും രംഗത്തെത്തി. ‘ഉപ്പ് പോലുള്ള വിലകുറഞ്ഞ സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ പോലും തൊഴിലാളികളും സാധാരണക്കാരും പരോക്ഷ നികുതി അടയ്ക്കുന്നുണ്ട്. അവര്‍ നല്‍കുന്ന നികുതിപ്പണം കൊണ്ടാണ് കങ്കണ അടക്കമുള്ള അഭിനേതാക്കള്‍ക്കു പ്രതിഫലം ലഭിക്കുന്നത്’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
Discussion about this post