താന്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ചാനലുകാരും സൈബര്‍ ആളുകളും വേറെ രീതിയില്‍ വളച്ചൊടിച്ചുവെന്ന് നടന് ടിനി ടോം. 1672ല്‍ അക്രമാസക്തരായ ജനങ്ങള്‍ ഭരണാധികാരിയെ കൊന്ന് കഴിച്ചിരുന്നു എന്ന ഉള്ളക്കമുള്ള പോസ്റ്റ് ടിനി ടോം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രധാനമന്ത്രിക്കെതിരെയും കേന്ദ്രസര്‍ക്കാറിന് എതിരെയും പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു താരം ഇത്തരത്തില്‍ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
നിരവധി പേരാണ് താരത്തിന്റെ ഈ പോസ്റ്റിനെതിരെ അസഭ്യവര്‍ഷവുമായി രംഗത്ത് എത്തിയത്. എന്നാല്‍ സൈബര്‍ ആക്രമണം വര്‍ധിച്ചതോടെ താരം ഈ പോസ്റ്റ് പിന്‍വലിച്ച്
ഫേസ്ബുക്ക് ലൈവില്‍ വന്ന് മാപ്പ് പറഞ്ഞിരിക്കുകയാണ്.
‘എന്റെ പോസ്റ്റ് ഈ രീതിയില്‍ തെറ്റിദ്ധരിക്കപ്പെടുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. ഒരു നാട്ടില്‍ നടന്ന സംഭവത്തെക്കുറിച്ചായിരുന്നു അത്. പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറേ ആളുകള്‍ ചേര്‍ന്ന് ആക്രമിച്ച് തിന്നു. എന്നാല്‍ എന്റെ പോസ്റ്റ് ചാനലുകാരും സൈബര്‍ ആളുകളും വേറെ രീതിയില്‍ വളച്ചൊടിച്ചു. ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞാന്‍ പഠിച്ചുകൊണ്ടിരിക്കുന്നേയുള്ളൂ. ഒരു രാഷ്ട്രീയപാര്‍ട്ടിയിലും ഇല്ലാത്ത, സാധാരണക്കാരനെപ്പോലെ ജീവിക്കുന്ന എന്നെ ഇങ്ങനെ ഉപദ്രവിക്കരുത്. ഞാന്‍ ചെയ്തതില്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. മറ്റുള്ളവര്‍ വേറെ രീതിയില്‍ വ്യാഖ്യാനിച്ചപ്പോഴാണ് അത് തെറ്റായിപ്പോയത്. മറ്റൊരാളുടെ മനസ് വേദനിപ്പിക്കാന്‍ എനിക്ക് അറിയില്ല. ചിരിപ്പിക്കാനും ചിരിക്കാനുമേ എനിക്ക് അറിയൂ. ഒരു പ്രസ്ഥാനത്തിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ പറഞ്ഞിട്ടില്ല. എന്റെ ഭാഗത്തുനിന്നും വന്ന തെറ്റ് ഞാന്‍ ഏറ്റുപറഞ്ഞു’ എന്നാണ് ടിനി ടോം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്.
Discussion about this post