പൗരത്വ നിയമ ഭേദഗതിയില്‍ ഡല്‍ഹിയില്‍ വന്‍ രോഷമാണ് ഉയര്‍ന്നത്. ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് നിരത്തിലിറങ്ങിയത്. എന്നാല്‍ ഇവരെ അപമാനിച്ച് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ രംഗത്തെത്തിയിരുന്നു. ഈ പ്രതിഷേധ പ്രകടനങ്ങളോട് തനിക്ക് യോജിപ്പില്ലെന്നാണ് താരം പറഞ്ഞത്. ശേഷം അക്ഷയ് കുമാറിനെതിരെ വന്‍ തോതിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. താരത്തിന് നട്ടെല്ല് ഇല്ല എന്ന് വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇപ്പോള്‍ ആ വാദം ശരിവെച്ച് സംവിധായകന്‍ അനുരാഗ് കശ്യപും രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ പുതിയ വിവാദത്തിനാണ് വഴിവെച്ചത്.
വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തെ കുറിച്ചുള്ള പോസ്റ്റിന് ട്വിറ്ററില്‍ നടന്‍ അക്ഷയ് കുമാര്‍ ലൈക്ക് ചെയ്തിരുന്നു. എന്നാല്‍ ഈ ലൈക്ക് വിവാദമായപ്പോള്‍ നിലപാട് തിരുത്തി. ‘ദേശി മോജിതോ’ എന്ന പേജില്‍ ഞായറാഴ്ച രാത്രി പോസ്റ്റ് ചെയ്ത വീഡിയോ ലൈക്ക് ചെയ്ത അക്ഷയ് ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് വിശദീകരിക്കുകയായിരുന്നു. ജാമിയ മിലിയ വിദ്യാര്‍ത്ഥികളുടെ ട്വീറ്റിന് ലൈക്ക് ചെയ്തത് അബദ്ധത്തില്‍ സംഭവിച്ചതാണ്. സ്‌ക്രോള്‍ ചെയ്യുമ്പോള്‍ അബദ്ധത്തില്‍ ലൈക്ക് ബട്ടണ്‍ ഞെക്കിയതാവും. അത് മനസിലാക്കിയപ്പോള്‍ പെട്ടെന്നുതന്നെ ആ ട്വീറ്റ് ഞാന്‍ അണ്‍ലൈക്ക് ചെയ്യുകയുമുണ്ടായി. അത്തരം നടപടികളെ ഒരുതരത്തിലും ഞാന്‍ അനുകൂലിക്കുന്നില്ലെന്നും അക്ഷയ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.
പിന്നാലെയാണ് താരത്തിനെതിരെ വിമര്‍ശനങ്ങള്‍ കടുത്തത്. ‘എനിക്ക് അക്ഷയ് കുമാറിനോട് വളരെയധികം ബഹുമാനമുണ്ട്. നട്ടെല്ലില്ലാതെ ആയോധനകല പരിശിലീക്കുക എന്നത് തീര്‍ച്ചയായും വളരെ പ്രയാസമേറിയ ഒന്നായിരിക്കും,’ എന്നായിരുന്നു ഒരാളുടെ പരിഹാസം. ഈ ട്വീറ്റ് പങ്കുവച്ചുകൊണ്ട് വളരെ ശരിയാണെന്ന് അനുരാഗ് കശ്യപ് കുറിച്ചത്.
Absolutely https://t.co/cHArbBPV2M
— Anurag Kashyap (@anuragkashyap72) December 16, 2019