‘കനേഡിയന്‍ കുമാറിനെ ബഹിഷ്‌കരിക്കുക’; അക്ഷയ് കുമാറിന്റെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനത്തോടെ ട്വിറ്ററില്‍ വന്‍ പ്രതിഷേധം

അക്ഷയ് കുമാര്‍ ഈ പ്രവര്‍ത്തിയിലൂടെ തന്റെ രാഷ്ട്രീയ നിലപാടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ചിലര്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തോട് തനിക്ക് യോജിപ്പില്ലെന്ന് പറഞ്ഞ ബോളിബുഡ് താരം അക്ഷയ് കുമാറിനെതിരെ ട്വിറ്ററില്‍ വന്‍ പ്രതിഷേധം. ‘കനേഡിയന്‍ കുമാറിനെ ബഹിഷ്‌കരിക്കുക’ എന്ന ഹാഷ് ടാഗിലാണ് താരത്തിനെതിരെ ക്യാംപെയ്ന്‍ നടക്കുന്നത്.


അക്ഷയ് കുമാറിന്റെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ട്വിറ്ററില്‍ ആളുകള്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് ട്വീറ്റുകളാണ് കഴിഞ്ഞ മണിക്കൂറുകളില്‍ ഈ ഹാഷ് ടാഗിനൊപ്പം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. അക്ഷയ് കുമാര്‍ ഈ പ്രവര്‍ത്തിയിലൂടെ തന്റെ രാഷ്ട്രീയ നിലപാടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ചിലര്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.


ട്വിറ്ററില്‍ വിദ്യാര്‍ത്ഥികളുടെ സമരത്തെക്കുറിച്ചുള്ള ഒരു പോസ്റ്റിനുതാഴെ താന്‍ ലൈക്ക് ചെയ്തിരുന്നു. അത് താന്‍ അറിയാതെ അബദ്ധത്തില്‍ ലൈക്ക് ബട്ടണ്‍ ഞെക്കിയതാണെന്നാണ് കഴിഞ്ഞ ദിവസം അക്ഷയ് കുമാര്‍ പറഞ്ഞത്. എന്നാല്‍ ‘അബദ്ധം’ മനസിലായ ഉടന്‍ തന്നെ ആ ട്വീറ്റ് ഞാന്‍ അണ്‍ലൈക്ക് ചെയ്യുകയും ചെയ്തെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. അത്തരം നടപടികളെ ഒരുതരത്തിലും ഞാന്‍ അനുകൂലിക്കുന്നില്ലെന്നും അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.

Exit mobile version