സോഷ്യല്‍ മീഡിയയില്‍ മാമാങ്കം സിനിമയ്ക്കെതിരെ നടക്കുന്ന കുപ്രചാരണങ്ങളില്‍ പ്രതികരിച്ച് സംവിധായകന് മേജര്‍ രവി. ഫേസ്ബുക്ക് ലൈവിലാണ് അദ്ദേഹം ഇതിനെതിരെ പ്രതികരിച്ചത്. മാമാങ്കത്തെ കുറിച്ചുള്ള നെഗറ്റീവ് കമന്റ്സുകള്‍ കണ്ടപ്പോള്‍ സങ്കടം തോന്നിയെന്നാണ് മേജര്‍ രവി പറഞ്ഞത്. ആരുടെ സിനിമയായാലും ഇങ്ങനെ കൊല്ലരുതെന്നും അത് ഒരുപാട് പേരുടെ ജീവിതമാണെന്നും ഒരു നിമിഷം കൊണ്ട് അത് ഇല്ലാതാക്കരുതെന്നും മേജര്‍ രവി ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.
അതേസമയം ചിത്രത്തിലെ മമ്മൂട്ടിയുടെ സ്ത്രൈണഭാവത്തിലുള്ള നൃത്തത്തെയും രംഗങ്ങളെയുമെല്ലാം സിനിമയിലെ കഥാപാത്രത്തിന്റേതായി മാത്രം കണ്ടാല്‍ പോരേയെന്നും മേജര്‍ രവി ചോദിക്കുന്നുണ്ട്. സിനിമയെ സിനിമ പോലെ കാണേണ്ടതാണ്. എല്ലാ അഭിനേതാക്കള്‍ക്കും പ്രാധാന്യമുള്ള ചിത്രമാണിത് . മമ്മൂക്കയുടെ മാത്രം മാസ് ചിത്രമല്ല. ഉണ്ണി മുകുന്ദന്റെ പെര്‍ഫോമന്‍സ് അസാധാരണമാണെന്നും അസാമാന്യ പ്രകടനം നടത്തിയ അച്യുതന്റെ ഭാഗങ്ങളും ഏറെ ഇഷ്ടപ്പെട്ടുവെന്നും മേജര്‍ രവി പറഞ്ഞു. ഇത്തരത്തിലുള്ള കാര്യങ്ങളാണ് നമ്മള് വിലയിരുത്തേണ്ടതെന്നും സിനിമയെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ട് ട്രോളാന്‍ നില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഉണ്ണി മുകുന്ദന്, കനിഹ, അനു സിത്താര, സുരേഷ് കൃഷ്ണ, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, പ്രാചി തഹ്ലാന്, കവിയൂര്‍ പൊന്നമ്മ, മണിക്കുട്ടന്, ഇനിയ, മണികണ്ഠന് ആചാരി തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. കാവ്യാ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിച്ചത്.