ഷെയ്‌നിന്റെ ഖേദ പ്രകടനം സ്വീകാര്യമല്ല; അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബര്‍

മുടങ്ങിയപ്പോയ ചിത്രങ്ങളുടെ നഷ്ടം ഈടാക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന നിയമനടപടികളിലേക്ക് കടന്നതോടെയാണ് ഖേദ പ്രകടനവുമായി ഷെയ്ന്‍ നിഗം രംഗത്തെത്തിയത്

സോഷ്യല്‍ മീഡിയ വഴിയുള്ള ഷെയ്‌നിന്റെ ഖേദ പ്രകടനം സ്വീകാര്യമല്ലെന്ന് ഫിലിം ചേംബര്‍. അതുകൊണ്ട് തന്നെ താരത്തിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റ് വഴിയുള്ള ഷെയ്‌നിന്റെ ഖേദ പ്രകടനം സ്വീകാര്യമല്ലെന്നും മാപ്പ് പറഞ്ഞുള്ള നിലപാട് ഏത് സമയത്തും മാറ്റാമെന്നും ചേംബര്‍ വിശദീകരിച്ചു.

അതേസമയം ഷെയ്‌നിനെ സിനിമയില്‍ അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിനും സംഘടന കത്ത് നല്‍കിയിട്ടുണ്ട്. ഈ കത്തും പിന്‍വലിക്കേണ്ടെന്ന നിലപാടിലാണ് ഫിലിം ചേബര്‍. മുടങ്ങിയപ്പോയ ചിത്രങ്ങളുടെ നഷ്ടം ഈടാക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന നിയമനടപടികളിലേക്ക് കടന്നതോടെയാണ് ഖേദ പ്രകടനവുമായി ഷെയ്ന്‍ നിഗം രംഗത്തെത്തിയത്. തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്നും നിര്‍മ്മാതാക്കള്‍ ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ് താരം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചത്.

അതേസമയം ഷെയ്ന്‍ അടിക്കടി നിലപാട് മാറ്റുന്നതില്‍ താരസംഘടനയായ എഎംഎംഎയിലെ മുതിര്‍ന്ന ഭാരവാഹികള്‍ക്ക് അതൃപ്തിയുണ്ട്. അതുകൊണ്ട് തന്നെ ഈ മാസം 19 ന് ചേരുന്ന നിര്‍മ്മാതാക്കളുടെ സംഘടന എന്ത് തീരുമാനമെടുക്കും എന്നതിനെ ആശ്രയിച്ചായിരിക്കും താരസംഘടനയുടെ നിലപാട്. ഈ മാസം 22ന് ചേരുന്ന എഎംഎംഎയുടെ എക്‌സിക്യൂട്ടീവില്‍ ഈ വിഷയം ചര്‍ച്ച ചെയ്യും എന്നാണ് റിപ്പോര്‍ട്ട്.

Exit mobile version