ദിലീപിനെ നായകനാക്കി നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥന്‍’. ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. നിരവധി താരങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്. ചിത്രത്തിന്റെ ക്ലാപ്പ് അടിച്ചത് സലിം കുമാറാണ്. ഇതിനിടെ സലീംകുമാര്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
‘നാദിര്‍ഷയുടെ ഹിറ്റ് സിനിമകള്‍ക്കൊക്കെ ക്ലാപ്പ് അടിച്ചത് ഞാനാണ്. ഈ ചിത്രത്തിനും ഞാന്‍ തന്നെ. അതുകൊണ്ട് ഇതൊരു സൂപ്പര്‍ഹിറ്റാകുമെന്ന് പറയേണ്ട കാര്യമില്ലല്ലോ?. ഷൂട്ടിങിനു പോലും ഒഴിവെടുത്ത് ഇവിടെ വന്നത് ക്ലാപ്പടിക്കാന്‍ വേണ്ടി മാത്രമാണ്. ഈ സിനിമയില്‍ ഞാനും അഭിനയിക്കുന്നുണ്ട്. ഈ പടത്തിനു വേണ്ടി എന്നെ സമീപിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു, ആരാണ് നിര്‍മാണം. അപ്പോള്‍ നാദിര്‍ഷ പറഞ്ഞു, ‘ഞാനും ദിലീപും ചേര്‍ന്നാണ്.’ അപ്പോള്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഏകദേശം തീരുമാനമായെന്ന് ഞാനും പറഞ്ഞു.’സലിം കുമാര്‍ പറഞ്ഞു.
കൊച്ചിയില്‍ വെച്ച് നടന്ന ചടങ്ങില്‍ നാദിര്‍ഷ, ദിലീപ്, അനുശ്രീ, രമേശ് പിഷാരടി, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, സ്വാസിക, ഹരീഷ് പേരടി, കലാഭവന്‍ ഷാജോണ്‍, അബു സലിം, ആന്റോ ജോസഫ് തുടങ്ങി നിരവധി ആളുകള്‍ പങ്കുച്ചേര്‍ന്നു.
ചിത്രത്തില്‍ ഉര്‍വശിയാണ് ദിലീപിന്റെ ഭാര്യയായി അഭിനയിക്കുന്നത്. നാദ് ഗ്രൂപ്പ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍ നിര്‍വ്വഹിക്കുന്നു. ബികെ ഹരിനാരായണന്‍, ജ്യോതിഷ്, നാദിര്‍ഷാ എന്നിവരുടെ വരികള്‍ക്ക് നാദിര്‍ഷാ തന്നെ സംഗീതം പകരുന്നു.