വിടര്‍ന്ന കണ്ണും മുട്ടോളമെത്തുന്ന തലമുടിയുമൊക്കെയായി മലയാളിത്തം തുളമ്പുന്ന ഒരു പെണ്‍കുട്ടിയെന്ന് കേള്‍ക്കുമ്പോള്‍ ഇന്നും മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു മുഖമുണ്ട്, അത് പ്രിയ നടി മോനിഷയുടേതാണ്. വീണ്ടുമൊരു ഡിസംബര്‍ 5 എത്തുമ്പോള്‍ മലയാളത്തിന്റെ പ്രിയ നടി മോനിഷ വിടവാങ്ങിയിട്ട് ഇന്നേക്ക് 27 വര്‍ഷം പൂര്‍ത്തിയാവുന്നു. മരിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മോനിഷയുടെ അകാല വിയോഗത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ മലയാളികളുടെ ഹൃദയത്തില്‍ നിന്നും ഇന്നും ഒരു വിങ്ങല്‍ കേള്‍ക്കാം.
ചെറിയ പ്രായത്തില്‍ തന്നെ അഭിനയച്ച് ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കിയ മോനിഷയെ തന്റെ ഇരുപത്തിയൊന്നാമത്തെ വയസിലാണ് വാഹനാപകടത്തിന്റെ രൂപത്തിലെത്തിയ മരണം തട്ടിയെടുത്തത്. 1971 ജനുവരി നാലിന് കോഴിക്കോട്ട് പി. നാരായണനുണ്ണിയുടെയും, ശ്രീദേവിയുടെയും മകളായാണ് മോനിഷ ജനിച്ചത്. അച്ഛന്‍ ഉണ്ണിക്ക് ബാംഗ്ലൂരില്‍ തുകല്‍ വ്യവസായം ആയിരുന്നതിനാല്‍ കുടുംബം അവിടെയായിരുന്നു താമസം. നൃത്തത്തില്‍ പയറ്റിത്തെളിഞ്ഞ മോനിഷയെ പ്രശസ്ത സാഹിത്യകാരനും, തിരക്കഥാകൃത്തും, ചലച്ചിത്രസംവിധായകനുമായ എംടി വാസുദേവന്‍ നായരാണ് സിനിമയിലേക്ക് എത്തിച്ചത്.
1986ല്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങള്‍ എന്ന ചിത്രമായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു മോനിഷയുടെ സിനിമാ അരങ്ങേറ്റം. ഗൗരി’ എന്ന ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മോനിഷയുടേത്. ചിത്രത്തില്‍ വിനീതായിരുന്നു മോനിഷയുടെ നായകന്‍. നഖക്ഷതങ്ങളിലൂടെ 1987-ലെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് മോനിഷയെ തേടി എത്തി.
നഖക്ഷതങ്ങള്‍ക്ക് ശേഷം അധിപന്‍, ആര്യന്‍, പെരുന്തച്ചന്‍, കമലദളം, ചമ്പക്കുളം തച്ചന്‍ എന്നിങ്ങനെയുള്ള സിനിമകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിനു പുറമേ പൂക്കള്‍ വിടും ഇതള്‍, ദ്രാവിഡന്‍ തുടങ്ങിയ തമിഴ് ചലച്ചിത്രങ്ങളിലും, രാഘവേന്ദ്ര രാജ്കുമാര്‍ നായകനായി അഭിനയിച്ച ചിരംജീവി സുധാകര്‍ എന്ന കന്നട ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.
ചെപ്പടി വിദ്യ എന്ന ചിത്രത്തിലായിരുന്നു മോനിഷ അവസാനമായി അഭിനയിച്ചത്. ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയില്‍ മോനിഷയും, അമ്മയും സഞ്ചരിക്കുകയായിരുന്ന കാര്‍ ആലപ്പുഴക്കടുത്തുള്ള ചേര്‍ത്തലയില്‍ വെച്ച് ബസുമായി കൂട്ടിയിടിക്കുകയും, തലച്ചോറിനുണ്ടായ പരിക്കു മൂലം മോനിഷ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയും ചെയ്തു. കേരളത്തെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടായിരുന്നു ആ മരണ വാര്‍ത്ത എത്തിയത്. മലയാളത്തിന്റെ പ്രിയ നടി വിടവാങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും മലയാളത്തനിമ നിറഞ്ഞ ആ മുഖം കേരളക്കരയുടെ ഹൃദയത്തില്‍ മായാതെ നില്‍ക്കുന്നു.