ചിയാന്‍ വിക്രത്തിനൊപ്പം ഷെയിന്‍ നിഗം തമിഴ് സിനിമയിലേക്ക്

മലയാള സിനിമയിലെ വിലക്ക് വിവാദത്തിനിടെ യുവ നടന്‍ ഷെയിന്‍ നിഗം തമിഴ് സിനിമയിലേക്ക്. ചിയാന്‍ വിക്രത്തിന്റെ 58-ാമത്തെ ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. ഓണ്‍ലൈന്‍ മാധ്യമമായ ദ ക്യൂ-വിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയിന്‍ തമിഴ് സിനിമയുടെ ഭാഗമാവുന്ന കാര്യം പങ്കുവച്ചത്.

ഇമൈക്ക നൊടികള്‍, ഡിമോന്റെ കോളനി എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ റഷ്യയില്‍ നിന്നുള്ള ഭാഗങ്ങളിലായിരിക്കും ഷെയിന്‍ അഭിനയിക്കുക.

തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം 2020 ഏപ്രിലില്‍ തീയറ്ററുകളിലെത്തും. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് എആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുക. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയും വയകോം 18 മോഷന്‍ പിക്‌ചേഴ്‌സും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version