ചലച്ചിത്ര താരം ഷെയിൻ നിഗത്തിന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് അസോസിയേഷൻ സെക്രട്ടറി രഞ്ജിത്. സംഘടനയെടുത്ത നിലപാടിൽ മാറ്റമുണ്ടാകില്ല. ഷെയ്‌നിനെതിരെ വിലക്ക് പ്രഖ്യാപിച്ചിട്ടില്ല. ഷെയ്ൻ കാരണം നിർമാണം മുടങ്ങിയ സിനിമകളുടെ നഷ്ടം നികത്തുന്നത് വരെ നടനുമായി നിസ്സഹകരിക്കുക എന്നത് മാത്രമാണ് തീരുമാനമെന്നും രഞ്ജിത്ത് പറഞ്ഞു.
ഷെയ്‌നിന്റെ പ്രായം കണക്കിലെടുത്ത് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ല. രണ്ട് സിനിമകളുടെ നിർമ്മാണം മുടങ്ങിയതിനെ തുടർന്ന് ഏഴ് കോടിയോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇത് തിരികെ ലഭിക്കുന്നത് വരെ ഷെയ്‌നിനൊപ്പം സഹകരിക്കണ്ട എന്നാണ് നിർമ്മാതാക്കളുടെ തീരുമാനം. ഷെയ്‌നിന് മാത്രമല്ല പുതിയ തലമുറ താരങ്ങളിൽ ഇത്തരത്തിൽ പെരുമാറുന്ന പലർക്കുമുള്ള താക്കീതെന്ന് നിലയിലാണ് ഈ നടപടിയെന്നും രഞ്ജിത്ത് വിശദീകരിക്കുന്നു.
താരസംഘടനയായ അമ്മയുൾപ്പടെയുള്ള സംഘടനകൾ പലരീതിയിൽ ഇടപെട്ടിട്ടും നിഷേധപരമായാണ് ഷെയ്ൻ പെരുമാറിയത്. ഷെയ്‌നിന്റെ അമ്മ ലൊക്കേഷനിൽ എത്തി ഷൂട്ടിങ് മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. കുടുംബാംഗങ്ങളും സിനിമാസംഘടനകളും പല രീതിയിൽ ശ്രമം നടത്തിയിട്ടും ഷെയ്ൻ നിരുത്തരവാദപരമായാണ് പെരുമാറിയത്. ഇതുകണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും രഞ്ജിത് പറയുന്നു.
Discussion about this post