കൊച്ചി: നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടൻ ഷെയ്ൻ നിഗത്തെ വിലക്കിയ സംഭവത്തിൽ പ്രതികരിച്ച് താരസംഘടന ‘അമ്മ’. ഷെയ്ൻ നിഗത്തെ സിനിമയിൽനിന്നു വിലക്കാൻ ആർക്കും അധികാരമില്ലെന്ന് ‘അമ്മ’ സംഘടന പ്രതികരിച്ചു.
ഷെയിനിന്റെ കുടുംബം ‘അമ്മ’യുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് സംഘടനാ ഭാരവാഹിയായ ഇടവേള ബാബു വിഷയത്തിൽ പ്രതികരിച്ചത്. ഷെയ്നിന്റെ അമ്മയാണു താരസംഘടനയുമായി കൂടിക്കാഴ്ച നടത്തിയത്. ഷെയ്ൻ ‘അമ്മ’യ്ക്കു പരാതി നൽകിയിട്ടുണ്ട്. ഷെയ്ൻ പറയും പോലെ പീഡനമൊന്നും നടന്നിട്ടില്ല. ഇക്കാര്യത്തിൽ നടൻ മോഹൻലാലുമായി ചർച്ച നടത്തിയതായും ഇടവേള ബാബു പറഞ്ഞു. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാണു ശ്രമം. വിലക്കു പരിഹാരമല്ല. ഷെയ്നിന്റെ പരാതി കിട്ടിയിട്ടുണ്ടെന്നും ഇടവേള ബാബു പറഞ്ഞു.
അതേസമയം, സംഘടന കൈവിടില്ലെന്നാണു പ്രതീക്ഷയെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം ഷെയ്നിന്റെ അമ്മ പറഞ്ഞു. ഷെയ്നിനെതിരെ പരാതി ഉന്നയിച്ച നിർമ്മാതാക്കളുടെ സംഘടനാ പ്രതിനിധികൾ നാളെ മന്ത്രി എകെ ബാലനുമായി കൂടിക്കാഴ്ച നടത്തും. ഒരാളെ ജോലിയിൽ നിന്നു വിലക്കുന്നതിനോടു സർക്കാരിനു യോജിപ്പില്ലെന്നു മന്ത്രി നേരത്തെ പറഞ്ഞിരുന്നു.