ഷെയിന്‍ നിഗം എഎംഎംഎ യുടെ സഹായം തേടും

സിനിമയില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ നടന്‍ ഷെയിന്‍ നിഗം അമ്മയുടെ സഹായം തേടും. വിലക്കിനെതിരെ സംഘടന ഇടപെടണമെന്ന് ആവശ്യപ്പെടും. ഇന്ന് തന്നെ കത്ത് ‘അമ്മ’ക്ക് കൈമാറാനാണ് ഷെയിന്‍ നിഗത്തിന്റെ തീരുമാനം.

വെയില്‍ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുകയും പിന്നീട് ഒത്തുതീര്‍പ്പില്‍ എത്തുകയും ചെയ്തതിരുന്നു. പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഷെയിന്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ആദ്യം ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജുമായി ആയിരുന്നു തര്‍ക്കമെങ്കില്‍ ഇപ്പോള്‍ സംവിധായകന്‍ ശരത്തുമായി ആണ് പ്രശ്നം.

സിനിമയുടെ ചിത്രീകരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് താരമെന്ന ആക്ഷേപങ്ങള്‍ക്കിടെ മുടിയും താടിയും വടിച്ച ചിത്രം പുറത്തുവിട്ടിരുന്നു താരം. സംഭവത്തില്‍ നടന്റെ ഭാഗത്തു നിന്നുള്ള ആവര്‍ത്തിച്ചുള്ള നിസ്സഹകരണമാണ് വിലക്കിന് കാരണമെന്ന് നിര്‍മാതാക്കളുടെ സംഘടന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

തൊണ്ണൂറു വര്‍ഷത്തെ മലയാള സിനിമാ ചരിത്രത്തില്‍ ഒരുനടനും പെരുമാറാത്ത രീതിയിലാണ് ഷെയിനിന്റെ ഇടപെടലുകളെന്ന് ആരോപിച്ചാണ് നിര്‍മാതാക്കള്‍ ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയത്.

Exit mobile version