തനിക്ക് അറിയാവുന്ന ജോലി സിനിമയാണ് ആ ജോലി തന്നെ ഇനിയും ചെയ്യും; വിലക്കിനെതിരെ പ്രതികരിച്ച് ഷെയിന്‍ നിഗം

കൊച്ചി: സിനിമയില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയ നിര്‍മ്മാതാക്കളുടെ തീരുമാനത്തിനെതിരെ ശക്തമായി പ്രതികരിച്ച് നടന്‍ ഷെയ്ന്‍ നിഗം. ചിത്രം വെയില്‍ പൂര്‍ത്തിയാക്കാന്‍ കുറച്ച് ദിവസം മുന്‍പ് ചര്‍ച്ച ചെയ്തു തീരുമാനത്തിലെത്തിയിരുന്നുവെന്നും താരം ഓണ്‍ലൈന്‍ മാധ്യമമായ ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മാത്രമല്ല കഴിഞ്ഞ ദിവസം രാത്രിവരെ നിര്‍മ്മാതാക്കളുടെ സംഘടനയുടെ ഭാരവാഹികളായ ആന്റോ ജോസഫ്, മഹാ സുബൈര്‍, സിയാദ് കോക്കര്‍ എന്നിവര്‍ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്നും വിലക്ക് വരില്ലെന്നുമാണ് തന്നോട് പറഞ്ഞതെന്നും മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്ന് ഒപ്പിട്ട് നല്‍കിയിരുന്നതിനാലാണ് ഇതുവരെ സംസാരിക്കാതിരുന്നതെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

ജോബി ജോര്‍ജ് നിര്‍മിച്ച വെയില്‍ എന്ന സിനിമയ്ക്ക് വേണ്ടി അഞ്ച് ദിവസം രാത്രിയും പകലും ചിത്രീകരണത്തില്‍ സഹകരിച്ചിരുന്നു. ഇതിനിടെ മാനസികമായ പീഡനം സഹിക്കവയ്യാതെയാണ് ലൊക്കേഷനില്‍ നിന്നും ഇറങ്ങി പോയതെന്നും നടന്‍ പറഞ്ഞു.

അതേയമയം ഷെയ്ന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘വലിയ പെരുന്നാള്‍’തീയ്യേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഒരു നിര്‍മ്മാതാവ് ഭീഷണിപ്പെടുത്തിയെന്നും ഷെയ്ന്‍ നിഗം വെളിപ്പെടുത്തി. ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന വെയില്‍, കുര്‍ബാനി സിനിമകള്‍ പൂര്‍ത്തിയാക്കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. അതിനാല്‍ തന്നെ ഏഴ് കോടി രൂപ താന്‍ തിരികെ നല്‍കില്ല. തനിക്ക് അറിയാവുന്ന ജോലി സിനിമയാണെന്നും ആ ജോലി തന്നെ ഇനിയും ചെയ്യുമെന്നും ഷെയിന്‍ നിഗം പറഞ്ഞു.

Exit mobile version