പതിമൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോൾ മണി ആഗ്രഹിച്ചത് ‘ലാലേട്ടനെ’ ഒന്നു കാണാനായിരുന്നു. മാധ്യമങ്ങളിലൂടെ ഇക്കാര്യമറിഞ്ഞ മോഹൻലാൽ ഷൂട്ടിങ് തിരക്കുകൾക്ക് ഇടയിലും മണിയെ ചേർത്ത് നിർത്താൻ സമയം കണ്ടെത്തി. ലൊക്കേഷനിലേക്ക് മണിയെ വിളിപ്പിച്ച് സ്നേഹം പങ്കിട്ടത് ഏവരേയും അമ്പരപ്പിക്കുകയും ചെയ്തിരുന്നു.
മണിയെ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ ചേർത്ത് നിർത്തിയ മോഹൻലാൽ, മണിയുടെ മനസ് വായിച്ചതുപോലെ, മണി നായകനായ ‘ഉടലാഴം’ ചിത്രത്തിന്റെ പോസ്റ്ററും ട്രെയിലറും സ്വന്തം പേജിലൂടെ പുറത്തിറക്കി വീണ്ടും വിസ്മയിപ്പിച്ചിരിക്കുകയാണ്. മണിക്കും സംവിധായകൻ ഉണ്ണികൃഷ്ണനും മറ്റ് അണിയറ പ്രവർത്തകർക്കും അഭിനന്ദവും ആശംസകളും നേർന്നാണ് മോഹൻലാൽ പോസ്റ്ററും ട്രെയിലറും പങ്കുവെച്ചിരിക്കുന്നത്.
മണിക്കും അണിയറ പ്രവർത്തകർക്കും ഇരട്ടി മധുരം സമ്മാനിച്ചുകൊണ്ട് മോഹൻലാൽ തന്റെ പേജിലൂടെ ചിത്രത്തിന് ഗംഭീര വരവേൽപ്പ് നൽകിയത് സോഷ്യൽമീഡിയയും ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററും ട്രെയിലർ ലിങ്കുമാണ് മോഹൻലാൽ പേജിലൂടെ പങ്കിട്ടിരിക്കുന്നത്. ട്രെയിലർ റിലീസായതിന് പിന്നാലെ ആദ്യമണിക്കൂറിൽ തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം വൈറലായിരിക്കുകയാണ് പോസ്റ്ററും ട്രെയിലറും.
ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്തിരിക്കുന്ന ഉടലാഴം എന്ന ചിത്രം, ഫോട്ടോഗ്രാഫർ ചിത്രത്തിലൂടെ മികച്ച ബാലനടനുള്ള സംസ്ഥാന പുരസ്കാരം നേടിയ മണിയുടെ തിരിച്ചുവരവിന് കൂടിയാണ് വേദിയായിരിക്കുന്നത്. അനുമോൾ ആണ് ചിത്രത്തിലെ നായിക. നൂറോളം ഗോത്രവിഭാഗക്കാരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഡോ. മനോജ് കെടി, ഡോ.രാജേഷ് എംപി, ഡോ. സജീഷ് എം എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
Discussion about this post