യുവതാരം ഷെയ്ന് നിഗത്തിനെതിരായ പരാതിയില്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇന്ന് കൊച്ചിയില്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്സ് അസോസിയേഷന്റെ യോഗം. ഉച്ചയ്ക്ക് ഒരു മണിക്കാണ് യോഗം ചേരുന്നത്. ഇന്നലെ നടത്താന്‍ നിശ്ചയിച്ചയിരുന്ന യോഗം എല്ലാ ഭാരവാഹികളും എത്താത്തതിനെ തുടര്‍ന്ന് ഇന്നേക്ക് മാറ്റുകയായിരുന്നു.
നിലവില്‍ ചിത്രീകരണം നടക്കുന്ന ചിത്രങ്ങള്‍ ഷെയ്ന് നിഗം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പുതിയ സിനിമകളില്‍ സഹകരിപ്പിക്കാതിരിക്കുന്നതും ഇന്ന് ചേരുന്ന യോഗം പരിഗണിക്കും. നിര്‍മ്മാതാവ് ജോബി ജോര്‍ജിന്റെ വെയില് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് ഷെയ്ന് നിഗം കഴിഞ്ഞ ദിവസം ഇറങ്ങിപ്പോയിരുന്നു.
ഇതിനു പിന്നാലെയാണ് ഷെയ്ന് താടി വടിച്ച് മുടി പറ്റെ വെട്ടിയുള്ള തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെച്ചത്. അതേസമയം വെയില് എന്ന ചിത്രത്തില്‍ മുടിയും താടിയും നീട്ടിയുള്ള വേഷമാണ് ഷെയ്നിന്റേത്. വെയിലിന്റെ ചിത്രീകരണം പൂര്‍ത്തിയാകും വരെ രൂപമാറ്റം വരുത്തരുതെന്ന് കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ എഎംഎംഎയുമായി നടത്തിയ ഒത്തുതീര്‍പ്പുചര്‍ച്ചയില്‍ കരാറുണ്ടാക്കിയിരുന്നു. ഇത് ലംഘിച്ചാണ് ഷെയ്ന് വെയില് ടീമിനെ വെല്ലുവിളിച്ചിരിക്കുന്നത്.
Discussion about this post