ഒടുവിൽ പതിമൂന്ന് വർഷത്തെ ഇടവേളയക്ക് ശേഷം മോഹൻലാലിനെ നേരിൽ കണ്ട് ഫോട്ടോഗ്രാഫർ ഫെയിം മണി. ലാലേട്ടനെ നേരിട്ട് കാണണമെന്ന് തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ റിലീസാകാൻ പോകുന്ന സന്തോഷവേളയിലാണ് മണി അറിയിച്ചത്. സോഷ്യൽമീഡിയയിലടക്കം മണിയുടെ ആഗ്രഹം വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് മണിയെ മോഹൻലാൽ ക്ഷണിച്ചത്.
ഫോട്ടോഗ്രാഫർ ചിത്രത്തിലാണ് മോഹൻലാലിനൊപ്പം ആദിവാസി ബാലനായ മണി അഭിനയിച്ചത്. തന്നെ കാണണമെന്ന മണിയുടെ ആഗ്രഹം മാധ്യമങ്ങളിലൂടെയാണ് മോഹൻലാൽ അറിഞ്ഞത്. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ സിനിമയുടെ ലൊക്കേഷനിലായിരുന്നു നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള താരങ്ങളുടെ കൂടിച്ചേരൽ.
പ്രൊഡ്യൂസർമാരായ സജീഷ്, ഡോ മനോജ്, ഡോ രാജേഷ് എന്നിവരുടെ സുഹൃത്തായ മെന്റലിസ്റ്റ് ആദിയാണ് മണിക്ക് വീണ്ടും ലാലേട്ടനെ കാണാനുള്ള അവസരം ഒരുക്കിയത്. മണിയേ ചേർത്ത് പിടിച്ച് കുശലാന്വേഷണം നടത്തിയ മോഹൻലാൽ മണിയുടെ പുതിയ ചിത്രമായ ഉടലാളത്തിന് എല്ലാവിധ വിജയാശംസകളും നേർന്നു.
ഉടലാഴം എന്ന സിനിമയിലൂടെ നായകനായി മണി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഗുളികൻ എന്ന കഥാപാത്രത്തെയാണ് മണി അവതരിപ്പിക്കുന്നത്. ഉടലാഴം ഡിസംബർ 6ന് കേരളത്തിലെ തീയ്യേറ്ററുകളിലെത്തും.
Discussion about this post