റെയില്‍വേ സ്റ്റേഷനിലിരുന്ന് പാടിയ ഒരു പാട്ട് ആണ് ഇന്ന് റാണു മണ്ഡലിന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചത്. വീഡിയോ രാജ്യത്തെങ്ങും എത്തിയതോടെ റാണുവിനെ തേടി പല സൗഭാഗ്യങ്ങളും എത്തി. ഇപ്പോള്‍ താരം വാര്‍ത്തയില്‍ ഇടംപിടിക്കുന്നതിന്റെ കാരണം മേയ്ക്കപ്പ് ആണ്. പ്രായത്തെ നാലടി പുറകില്‍ നിര്‍ത്തുന്ന അത്യന്തം വ്യത്യസ്തമായ ഒരു മേയ്ക്കപ്പ് തന്നെയായിരുന്നു അത്.
ഇതോടെ വന്‍ വിമര്‍ശനങ്ങളും സമൂഹമാധ്യമങ്ങളില്‍ താരത്തിനെതിരെ ഉയര്‍ന്നിരുന്നു. പേരും പ്രശസ്തിയും ആയപ്പോഴുള്ളതാണ് ഈ കോപ്രായങ്ങള്‍ എന്ന തലത്തില്‍ വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. അടുത്തിടെ റാണു മണ്ഡലിന്റെ ഫോട്ടോ വെച്ചുള്ള പരിഹാസങ്ങളും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ സംഭവത്തിലെ നിജസ്ഥിതി വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യ. സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്നത് റനുവിന്റെ വ്യാജ ചിത്രമാണെന്ന് കുറിച്ച സന്ധ്യ, മേക്കോവറിന് ശേഷമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.
‘കളിയാക്കിയതും വിമര്‍ശിച്ചതും മതി. ഇതൊക്കെ ഒരുപരിധി കഴിഞ്ഞാല്‍ ആസ്വദിക്കാന്‍ കഴിയില്ല. മറ്റുള്ളവരുടെ വികാരത്തെ ഇത്തരം കളിയാക്കലുകള്‍ സാരമായി ബാധിക്കും. മേക്കപ്പ് ചെയ്ത ചിത്രവും എഡിറ്റ് ചെയ്ത ചിത്രവും കൊടുത്തിട്ടുണ്ട്. ഇവ പരിശോധിച്ചാല്‍ സത്യാവസ്ഥ മനസിലാകും’, സന്ധ്യ കുറിച്ചു.
കാണ്‍പൂരില്‍ തന്റെ പുതിയ മേക്കോവര്‍ സലൂണ്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കംപ്ലീറ്റ് മേക്കോവറിനായി റാണുവിനെ സന്ധ്യ ക്ഷണിക്കുകയായിരുന്നു. കണ്ണെഴുതി, പുരികം വരഞ്ഞ്, ഹെവി മേക്കപ്പിലായിരുന്നു റാണു. ഇളം ഓറഞ്ച് നിറത്തിലുള്ള ലഹങ്കയും അതിന് അനുസരിച്ചുള്ള ആഭരണങ്ങളും അണിഞ്ഞിരുന്നു. തന്റെ പുത്തന്‍ മേക്കോവര്‍ കണ്ട് ഞെട്ടിയെന്ന് റാണു തന്നെ അന്ന് പറഞ്ഞിരുന്നു.