അഭിനയമികവുകൊണ്ട് മലയാള സിനിമയെ ഒരുകാലത്ത് കീഴടക്കിയ നടന്‍ ജയന്‍ ലോകത്തോട് വിടപറഞ്ഞിട്ട് ഇന്നേക്ക് 39 വര്‍ഷം. 1980 നവംബര്‍ 16നാണ് ഒരു ഹെലികോപ്ടര്‍ അപകടത്തിന്റെ രൂപത്തിലെത്തിയ മരണം അതുല്യ കലാകാരനെ തട്ടിയെടുത്തത്.
1939 ജൂലൈ 25ന് തേവള്ളിയില്‍ മാധവന്‍ പിള്ളയുടേയും ഭാരതിയമ്മയുടേയും മൂത്തമകനായാണ് കൃഷ്ണന്‍ നായര്‍ എന്ന ജയന്‍ ജനിച്ചത്. നടനാവാണമെന്ന ആഗ്രഹം ജയന്റെയുള്ളില്‍ കുഞ്ഞുന്നാളു മുതലേ ഉണ്ടിയിരുന്നെങ്കിലും സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം നേവിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് അഭിനയമെന്ന മോഹം കൃഷ്ണന്‍ നായരില്‍ പിടിമുറുക്കിയത്.
നാടകങ്ങളിലും മറ്റും അഭിനയിച്ചിരുന്ന ജയന്‍ നടന്‍ ജോസ് പ്രകാശിന്റെ മകന്‍ രാജന്‍ ജോസഫിനോടുള്ള സൗഹൃദം വഴിയാണ് സിനിമയിലേക്ക് എത്തിപ്പെട്ടത്. 1974ല്‍ പുറത്തിറങ്ങിയ ജെസി സംവിധാനം ചെയ്ത ശാപമോക്ഷം എന്ന ചിത്രമായിരുന്നു ജയന്റെ അരങ്ങേറ്റ ചിത്രം. ഈ ചിത്രത്തിനു പിന്നാലെയാണ് കൃഷ്ണന്‍ നായര്‍ എന്ന പേരില്‍ നിന്നും ജയന്‍ എന്ന പേരിലേക്ക് താരം എത്തിപ്പെട്ടത്.
പിന്നീടങ്ങോട്ട് മലയാള സിനിമയില്‍ ജയന്റെ നാളുകളായിരുന്നു. ഐവി ശശി, ശ്രീകുമാരന്‍ തമ്പി, ഹരിഹരന്‍, ശശികുമാര്‍, ബേബി, അപ്പച്ചന്‍, ബോബന്‍ കുഞ്ചാക്കോ, വിജയാനന്ദ് തുടങ്ങിയ പ്രശസ്ത സംവിധായകരുടെ ചിത്രത്തിലെല്ലാം ജയന്‍ വേഷമിട്ടു. ചെറിയ വേഷങ്ങളില്‍ ചുവടു വെച്ച ജയന്‍ നിത്യഹരിത നായകന്‍ പ്രേം നസീറിമൊപ്പവും ഉലക നായകന്‍ കമല്‍ ഹാസനൊപ്പവും നിരവധി സിനികളില്‍ അഭിനയിച്ചിട്ടുണ്ട്.
1979ല്‍ പുറത്തിറങ്ങിയ ഹരിഹരന്‍ ചിത്രം ശരപഞ്ജരമായിരുന്നു ജയന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി മാറിയത്. ആക്ഷന്‍ രംഗങ്ങളെല്ലാം ഡ്യൂപ്പില്ലാതെ ചെയ്യുന്നതായിരുന്നു അന്നും ജയന് കൂടുതല്‍ താത്പര്യം. 1980 ല്‍ ഐവി ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അങ്ങാടിയെന്ന ചിത്രം ജയനെ മലയാളികള്‍ക്കിടിയിലേക്ക് കൂടുതല്‍ അടുപ്പിച്ചു. ചിത്രത്തിലെ ബാബു എന്ന കഥാപാത്രവും വി ആര്‍ നോട്ട് ബെഗ്ഗേര്‍സ് എന്ന തകര്‍പ്പന്‍ ഡയലോഗും പ്രേക്ഷകര്‍ ഏറ്റെടുത്തു. ആറു വര്‍ഷം കൊണ്ട് 116 ഓളം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു.
കേരളത്തിലെ തിരക്കേറിയ സ്റ്റാറായ ജയന്‍ തന്റെ ‘കോളിളക്കം’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്യാനായി മദ്രാസില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തെ മരണം കാത്തിരുന്നത്. ഹെലികോപ്റ്ററിലുള്ള ആക്ഷനായിരുന്നു ചിത്രീകരിക്കേണ്ടത്. അപകടമേറിയ രംഗമായിട്ടും ഡ്യൂപ്പില്ലാതെ സ്വയം ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു. അടുത്ത ദിവസം വൈകീട്ട് കേരളം കേട്ടത് അതുല്യ കലാകാരന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചുവെന്ന ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു.
കരിയറിന്റെ കൊടുമുടിയില്‍ കത്തി നില്‍ക്കുന്ന സമയം, സ്വപ്നം കാണാന്‍ സാധിക്കാത്ത പ്രശസ്തി, വലിയ ആരാധകവൃന്ദം…അതിനിടെയാണ് പതുങ്ങിയിരുന്ന മരണം ജയനെയും കൊണ്ട് പോയത്. ജയന്റെ മരണ ശേഷം ഇന്നോളം വേഷത്തിലും ഭാവത്തിലും തികച്ചും വ്യത്യസ്തനായ അദ്ദേഹത്തെ വെല്ലുന്ന മറ്റൊരു നടന്‍ സിനിമയില്‍ ജനിച്ചിട്ടില്ലെന്നതു തന്നെയാണ് സത്യം. മലയാള സിനിമയുടെ എവര്‍ഗ്രീന്‍ ഹീറോയായ ജയന്‍ ഈ ലോകത്ത് നിന്ന് വിടപറഞ്ഞിട്ട് 39 വര്‍ഷം കഴിഞ്ഞെങ്കിലും സിനിമയെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും മനസില്‍ ഇന്നും ജയന്‍ മായാതെ നില്‍ക്കുന്നു.