സാധാരണ സിനിമാ മേഖലയില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് മാത്രമാണ് ആഢംബര സൗകര്യങ്ങളുള്ള മുറികള്‍ നല്‍കാറുള്ളത്. ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍ താമസിക്കുന്നതാകട്ടെ തീരെ സൗകര്യം കുറഞ്ഞ മുറികളിലും. എന്നാല്‍ മലയാള സിനിമയിലെ ഇത്തരം രീതികളെ പൊളിച്ചെഴുതിയിരിക്കുകയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്. പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഡ്രൈവിംഗ് ലൈസന്‍സ്’. ഈ ചിത്രത്തിലെ ലൈറ്റ്മാനാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എല്ലാ സൗകര്യങ്ങളുമുള്ള മുറിയാണ് ഒരുക്കി കൊടുത്തിരിക്കുന്നത്.
ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തിലെ ലൈറ്റ്മാനായ മനു മാളികയ്ക്കാണ് ഇത്തരത്തില്‍ ഒരു മുറി അണിയറപ്രവര്‍ത്തകര്‍ നല്‍കിയത്. മനു തന്നെയാണ് ഈ മുറിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതും. കേരളാ സിനി ഔട്ട്ഡോര്‍ യൂണിറ്റില്‍ വര്‍ക്ക് ചെയ്തിട്ട് ആദ്യമായി ഒരു സിനിമയ്ക്ക് ലൈറ്റ്മാന് താമസിക്കാന്‍ ഇത്രയും നല്ല സൗകര്യം ചെയ്ത് തന്ന ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കമ്പനിയില്‍ ഉള്ള ആളുകള്‍ക്ക് നന്ദി ഞങ്ങള്‍ അറിയിക്കുന്നു എന്നാണ് വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ട് മനു ഫേസ്ബുക്കില്‍ കുറിച്ചത്.
ആഡംബര കാറുകളോട് ഭ്രമമുള്ള ഒരു സൂപ്പര്‍ സ്റ്റാറിന്റെ വേഷത്തിലാണ് പൃഥ്വി ചിത്രത്തിലെത്തുന്നത്. ജീന്‍ പോള്‍ ലാല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്. സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷത്തിലാണ് സുരാജ് എത്തുന്നത്. ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.