‘സത്യം അതിന്റെ വഴിയെ തെളിയിക്കപ്പെടട്ടെ എന്നു കരുതിയാണ് ഇത്രകാലം നിശബ്ദനായിരുന്നത്, എന്നാല്‍ അത് എന്റെ ബലഹീനതയായി കണക്കാക്കപ്പെട്ടു’; മീടൂ ആരോപണത്തില്‍ പ്രതികരിച്ച് അനു മാലിക്

ഗായികമാരായ സോനം മൊഹാപാത്രയും ശ്വേത പണ്ഡിറ്റും അലീഷ ചിനായുമാണ് അനു മാലിക്കിനെതിരേ ആരോപണവുമായി രംഗത്തുവന്നത്

രാജ്യത്തെ സിനിമാ മേഖലയെ പിടിച്ചു കുലുക്കിയ സംഭവം ആയിരുന്നു മീടൂ മൂവ്‌മെന്റ്. നിരവധി പ്രമുഖരുടെ കപട മുഖമാണ് മീടൂ മൂവ്‌മെന്റ് വന്നതോടെ അഴിഞ്ഞ് വീണത്. കഴിഞ്ഞ ഒരു വര്‍ഷമായി മീടൂ ആരോപണത്തില്‍ കുരുങ്ങിക്കിടക്കുന്ന ബോളിവുഡ് സംഗീത സംവിധായകനാണ് അനു മാലിക്. തനിക്കെതിരെയുള്ള അരോപണങ്ങള്‍ക്ക് വീശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹം.

ഗായികമാരായ സോനം മൊഹാപാത്രയും ശ്വേത പണ്ഡിറ്റും അലീഷ ചിനായുമാണ് അനു മാലിക്കിനെതിരേ ആരോപണവുമായി രംഗത്തുവന്നത്. ഇതിന് പുറമെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത രണ്ട് ഗായികമാര്‍ കൂടി സോഷ്യല്‍ മീഡിയയിലൂടെ മാലിക്കിനെതിരേ മീടൂ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഒരു വര്‍ഷത്തിന് ശേഷമാണ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി അനു മാലിക് രംഗത്ത് എത്തിയത്.

‘ഞാന്‍ ചെയ്യാത്ത ഒരു കാര്യം എന്റെ മേല്‍ അടിച്ചേല്‍പ്പിച്ചിട്ട് ഒരു വര്‍ഷം ആകുന്നു. സത്യം അതിന്റെ വഴിയെ തെളിയിക്കപ്പെടട്ടെ എന്നു കരുതിയാണ് ഞാന്‍ ഇത്രകാലം നിശബ്ദനായി ഇരുന്നത്. എന്നാല്‍ എല്ലാവരും അത് എന്റെ ബലഹീനതയായി കണക്കാക്കപ്പെട്ടു. എനിക്കെതിരേ വന്ന വ്യാജവും തെളിയിക്കപ്പെടാത്തതുമായ ആരോപണങ്ങള്‍ എന്റെ പദവിയെ എന്നു മാത്രമല്ല, എന്റെയും എന്റെ കുടുംബത്തിന്റെയും മാനസികനിലയെ വരെ സാരമായി ബാധിച്ചു. നിസ്സഹായനാണ് ഇന്നു ഞാന്‍. ദുര്‍ഘടത്തിലാക്കി ആക്രമിക്കപ്പെടുകയും ചെയ്തു.

ഈ പ്രായത്തില്‍ ഇത്ര മോശം വാക്കുകളും ഭയാനകമായ സംഭവങ്ങളും എന്റെ പേരുമായി ചേര്‍ന്നുവന്നത് ഏറെ അപകീര്‍ത്തികരമായിരുന്നു. എന്തുകൊണ്ട് ഈ കാര്യങ്ങള്‍ നേരത്തേ വന്നില്ല? എന്റെ ഏക ജീവിതമാര്‍ഗമായ ടെലിവിഷനില്‍ ഞാന്‍ തിരിച്ച് ജോലിയില്‍ പ്രവേശിച്ച ശേഷമാണല്ലോ ഇതെല്ലാം അനുഭവിക്കേണ്ടി വന്നത്. രണ്ടു പെണ്‍കുട്ടികളുടെ അച്ഛനാണ് ഞാന്‍. അതുകൊണ്ട് തന്നെ ഞാന്‍ ചെയ്യാത്ത എന്റെ അടിച്ചേല്‍പ്പിച്ച ഈ കുറ്റങ്ങല്‍ ഏല്‍ക്കാന്‍ തോന്നുന്നില്ല. സോഷ്യല്‍ മീഡിയയുമായി ഒരു യുദ്ധം ജയിക്കുക എന്നത് ഒരിക്കലും അവസാനിക്കാത്ത പ്രതിഭാസമാണ്. ആരും ജയിച്ചിട്ടുമില്ല. ഇത് ഇങ്ങനെ ഇനിയും തുടരുകയാണെങ്കില്‍ എന്റെ സ്വയരക്ഷയ്ക്കായി എനിക്കു കോടതിയുടെ വാതിലുകള്‍ മുട്ടേണ്ടി വരും.

പ്രതിസന്ധി ഘട്ടങ്ങളില്‍ എന്നോടൊപ്പം നിന്ന എന്റെ അഭ്യുദയകാംക്ഷികള്‍ക്കും കുടുംബത്തിനും ഞാന്‍ നന്ദി അറിയിക്കുകയാണ്. ഇനിയും എത്രകാലം ഇത് സഹിക്കേണ്ടി വരുമെന്നറിയില്ല. കഥ ഇനിയും മുന്നോട്ടു പോകണം. ഈ സന്തോഷത്തോടെയുള്ള മുഖത്തിനു പിന്നിലും ഞാന്‍ വേദനയിലാണ്. വെളിച്ചമില്ലാത്തിടത്ത് അകപ്പെട്ടിരിക്കുകയാണ്. എനിക്ക് ആകെ വേണ്ടത് നീതിയാണ്’ എന്നാണ് അനു മാലിക് ട്വിറ്ററില്‍ വ്യക്തമാക്കിയത്.

Exit mobile version