തമിഴിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് വെട്രിമാരാന്‍ വെബ് സീരീസുമായി എത്തുന്നു. സ്ത്രീ ലൈംഗികതയേയും ആസക്തികളേയും കുറിച്ച് സംസാരിച്ച ‘ലസ്റ്റ് സ്റ്റോറീസ്’ എന്ന ഹിന്ദി വെബ് സീരീസിന്റെ തമിഴ് റീമേക്കാണ് വെട്രിമാരന് ഒരുക്കുന്നത്.
വെട്രിമാരനൊപ്പം വിഘ്നേഷ് ശിവന്, ഗൗതം മേനോന്, സുധ കൊങ്കര എന്നിവരാണ് ലസ്റ്റ് സ്റ്റോറീസിന്റെ തമിഴ് റീമേക്ക് ഒരുക്കുന്നത്. ഹിന്ദിയില്‍ അനുരാഗ് കശ്യപ്, സോയ അക്തര്‍, ദിബാകര്‍ ബാനര്‍ജി, കരണ്‍ ജോഹര്‍ എന്നീ ബോളിവുഡ് സംവിധായകരുടെ ചെറിയ ചിത്രങ്ങളാണ് ‘ലസ്റ്റ് സ്റ്റോറിസ്’ ആയി പുറത്തിറങ്ങിയത്.
വെട്രിമാരന് ഒരുക്കുന്ന ചിത്രത്തില്‍ സായി പല്ലവിയും പ്രകാശ് രാജുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വെട്രിമാരന് ധനുഷിനെ നായകനാക്കി ഒരുക്കിയ ‘അസുരന്’ എന്ന ചിത്രത്തിലും പ്രകാശ്രാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.