ഗോവ: 49-ാമസ് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ ഇന്ന് കൊടിയേറും. സിനിമാപ്രേമികള്‍ക്കായി 68 രാജ്യങ്ങളില്‍ നിന്ന് 212 ചിത്രങ്ങളാണ് മേളയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജൂലിയന്‍ ലാന്‍ഡെയ്സ സംവിധാനം ചെയ്ത ‘ദി ആസ്പേണ്‍ പേപ്പേഴ്സ’ ആണ് ഉദ്ഘാടന ചിത്രം. മേള നവംബര്‍ 28ന് കൊടിയിറങ്ങും. ജര്‍മന്‍ ചിത്രമായ സീല്‍ഡ് ലിപ്സാണ് സമാപന ചിത്രം. വൈകീട്ട് നാലര മണിക്ക് ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങ്.
ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ, കേന്ദ്ര മന്ത്രിമാരായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, സുദിന് മാധവ് ധവാലിക്കര്‍, സെന്‍സര്‍ ബോര്‍ഡ് ചെയര്മാന് പ്രസൂണ്‍ ജോഷി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടനചടങ്ങില്‍ ബോളിവുഡ് നടന് സോനു സൂധിന്റെയും ശില്പ റാവുവിന്റെയും നൃത്ത പരിപാടികള്‍ ഉണ്ടായിരിക്കും. താരങ്ങളുടെ റെഡ്കാര്‍പെറ്റ് വാക്ക് ചടങ്ങിന്റെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. സിനിമാതാരങ്ങള്‍ ഉള്‍പ്പടെ നിരവധി പേര് പങ്കെടുക്കും.
ഇന്ത്യന്‍ സിനിമയ്ക്ക് ഒട്ടനവധി സംഭാവനകള്‍ നല്കി വിട പറഞ്ഞ ചലച്ചിത്ര പ്രതിഭകളെ മേളയില്‍ ആദരിക്കും. ഇവരുടെ തെരഞ്ഞെടുത്ത ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് വിവരം. 91-ാമത് ഓസ്ക്കര്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട 16 വിദേശ ഭാഷാ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. വിഖ്യാത സ്വീഡിഷ് ചലച്ചിത്രകാരന് ഇങ്മര്‍ ബര്‍ഗ്മന്റെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് റിട്രോസ്പെക്ടീവ് ഓഫ് മാസ്റ്റേഴ്സ് വിഭാഗത്തില്‍ അദ്ദേഹത്തിന്റെ ഏഴ് ചിത്രങ്ങള്‍ പ്രദര്ശിപ്പിക്കുണ്ട്.
കണ്ട്രി ഫോക്കസ് വിഭാഗത്തില്‍ ഈ വര്‍ഷം ഉള്‍പ്പെടുത്തിയിരിക്കുന്നത് ഇസ്രയേലി സിനിമകളാണ്. ഇസ്രായേലില്‍ നിന്നുള്ള പത്ത് സിനിമകളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഈ വര്‍ഷം ഇസ്രയേലി സംവിധായകന് ഡാന്‍ വോള്മാന് നല്‍കും. അദ്ദേഹത്തിന്റെ ചില മികച്ച സൃഷ്ടികള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്തിരിക്കുന്ന 15 ചിത്രങ്ങളില്‍ മൂന്ന് ഇന്ത്യന്‍ സിനിമകളുണ്ട്.
അതില്‍ രണ്ടെണ്ണവും മലയാളത്തില്‍ നിന്നാണ്. ജയരാജ് സംവിധാനം ചെയ്ത ഭയാനകം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈമയൗ എന്നീ ചിത്രങ്ങള്‍ മത്സര വിഭാഗത്തില്‍ മാറ്റുരക്കും. തമിഴില്‍ നിന്നുള്ള ടൂ ലെറ്റ് ആണ് മത്സരവിഭാഗത്തില്‍ ഇടംപിടിച്ച മറ്റൊരു ഇന്ത്യന്‍ ചിത്രം. ആറ് മലയാള ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് ആണ് ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രം. ഭയാനകം, ഈമയൗ, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, എബ്രിഡ് ഷൈന്റെ പൂമരം, റഹീം ഖാദറിന്റെ മക്കന എന്നീ ചിത്രങ്ങളും ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
തമിഴില്‍ നിന്ന് പ്രദര്‍ശിപ്പിക്കുന്ന സിനിമകളില്‍ മമ്മൂട്ടി നായകനായ പേരന്പ് എന്ന ചിത്രവുമുണ്ട്. മലയാളിയായ സന്ദീപ് പാമ്പള്ളിയുടെ സിന്‍ജാര്‍ എന്ന ചിത്രവും ഇന്ത്യന്‍ പനോരമയിലുണ്ട്. ജാസരി ഭാഷയിലെടുത്ത ഈ സിനിമ കഴിഞ്ഞ തവണ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില് രണ്ടെണ്ണം നേടിയിരുന്നു. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 21 ചിത്രങ്ങളുള്ളതില്‍ മൂന്ന് മലയാള ചിത്രങ്ങളാണ് ഇടംപിടിച്ചത്. ഷൈനി ജേക്കബ് സംവിധാനം ചെയ്ത സ്വോര്‍ഡ് ഓഫ് ലിബര്‍ട്ടി, രമ്യ രാജ് ഒരുക്കിയ മിഡ്നൈറ്റ് റണ്‍, വിനോദ് മങ്കരയുടെ ലാസ്യം എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.
ഖേലോ ഇന്ത്യ കാമ്പയിനിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്ന സ്പോര്‍ട്സ് സിനിമകളില്‍ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 പ്രദര്‍ശിപ്പിക്കും. പനോരമ വിഭാഗത്തില്‍ പൂമരവും ഇടംപിടിച്ചതോടെ എബ്രിഡിന്റെ രണ്ട് സിനിമകളാണ് ഈ മേളയിലുള്ളത്.
Discussion about this post