കേരളത്തിലെ തീയ്യേറ്ററുകളില്‍ ഇന്ന് റിലീസ് ചെയ്യുന്നത് നാല് കിടിലന്‍ ചിത്രങ്ങളാണ്. ലാല്‍ജോസ്- ബിജു മേനോന് ടീമിന്റെ 41, നിവിന്‍ പോളിയുടെ മൂത്തോന്, സുരാജും സൗബിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25, ധ്രുവ് വിക്രമിന്റെ അരങ്ങേറ്റ ചിത്രം ആദിത്യ വര്‍മ എന്നിവയാണ് ഇന്ന് തീയ്യേറ്ററുകളില്‍ എത്തുന്ന ചിത്രങ്ങള്‍.
കേരളം ഞെട്ടലോടെ കേട്ട ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്കാരമാണ് ലാല്‍ജോസ് ഒരുക്കിയ’41’ എന്ന ചിത്രം. ബിജു മേനോന് നായകനായി എത്തുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായിക. ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കണ്ണൂരിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. നവാഗതനായ പിജി പ്രഗീഷിന്റേതാണ് തിരക്കഥ. ലാല്‍ജോസിന്റെ തന്നെ എല്‍ജെ ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
ഗീതു മോഹന്‍ദാസ് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ ‘മൂത്തോന്’ ആണ് ഇന്ന് റിലീസ് ചെയ്യുന്ന മറ്റൊരു മലയാള ചിത്രം. ലക്ഷദ്വീപുകാരനായ പതിനാലുകാരന് തന്റെ മുതിര്‍ന്ന സഹോദരനെ തേടി മുംബൈയില്‍ എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. നേരത്തേ ടോറന്റോ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. റോഷന് മാത്യു, ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, ദിലീഷ് പോത്തന്, ഹരീഷ് ഖന്ന, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ലക്ഷദ്വീപും മുംബൈയുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. മിനി സ്റ്റുഡിയോ, ജാര് പിക്ചേഴ്സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന് അനുരാജ് കാശ്യപും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
സുരാജ് വെഞ്ഞാറമൂടും സൗബിന് ഷാഹിറും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25. ചിത്രത്തില്‍ റോബോട്ടും ഒരു കഥാപാത്രമായി എത്തുന്നുണ്ട്.
രതീഷ് ബാലകൃഷ്ണനാണ് തിരക്കഥയും സംവിധാനവും
ഈ മൂന്ന് ചിത്രങ്ങള്‍ക്കൊപ്പം ഇന്ന് ബോക്സ് ഓഫീസില്‍ മത്സരത്തിന് ഇറങ്ങുന്ന തമിഴ് ചിത്രമാണ് വിക്രമിന്റെ മകന് നായകനായി എത്തുന്ന ആദിത്യ വര്‍മ്മ. സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം അര്ജുന് റെഡ്ഡിയുടെ തമിഴ് പതിപ്പാണ് ഈ ചിത്രം.
Discussion about this post