മലയാള സിനിമയില്‍ നായകനായും വില്ലനായും സഹനടനായും വന്ന് പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് ഇര്‍ഷാദ്. കാവ്യാ മാധവന്‍ നായികയായി എത്തിയ പ്രിയനന്ദനന്‍ സംവിധാനം ചെയ്ത് 2011ല്‍ തീയ്യേറ്ററുകളില്‍ എത്തിയ ‘ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്’ എന്ന ചിത്രം ഇര്‍ഷാദിന്റെ സിനിമാ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ്.
സിനിമയിലെ നല്ല സൗഹൃദങ്ങളാണ് തന്റെ അഭിനയയാത്രയ്ക്ക് എന്നും കരുത്തേകാറുള്ളതെന്നും വ്യത്യസ്തമായ കഥാപാത്രങ്ങളായി നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും പ്രേക്ഷകരെ ആകര്‍ഷിക്കുന്ന സിനിമയുടെ ഭാഗമാകുക എന്നതാണ് ഒരു നടന്റെ ഏറ്റവും വലിയ ഭാഗ്യം എന്നാണ് ഇര്‍ഷാദ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അത്തരത്തില്‍ സൗബിനും സുരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘വികൃതി’യിലെ അളിയന്‍ കഥാപാത്രവും തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ പ്രിന്‍സിപ്പാള്‍ കഥാപാത്രവും ഒരു നടനെന്ന നിലയില്‍ തനിക്കേറെ ഗുണം ചെയ്തിട്ടുണ്ടെന്നും താരം പറഞ്ഞു.
നേരത്തെ അഭിനയിച്ച ലാല്‍ജോസിന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഷെബിന്‍ബക്കര്‍ വഴിയാണ് ഞാന്‍ തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ എത്തുന്നത്. അതുപോലെ തന്നെ വികൃതിയില്‍ നിര്‍മ്മാതാവ് ശ്രീകുമാര്‍വഴിയാണ് ചിത്രത്തിന്റെ ഭാഗമാകാന്‍ എനിക്ക് കഴിഞ്ഞതെന്നും ഇര്‍ഷാദ് പറഞ്ഞു.
സിദ്ദിഖ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ‘ബിഗ്ബ്രദര്‍’ എന്ന ചിത്രമാണ് താരത്തിന്റെ അടുത്ത ചിത്രം. ചിത്രത്തില്‍ ലാലേട്ടന്റെ കഥാപാത്രത്തിന് ഒപ്പമുള്ള പരീക്കര്‍ എന്ന മുഴുനീളകഥാപാത്രത്തെയാണ് ഇര്‍ഷാദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അനൂപ് മേനോന്റെ കിങ്ഫിഷറാണ് താരത്തിന്റെ മറ്റൊരു ചിത്രം. അതില്‍ നവാസ് അലി എന്ന സിനിമാനടനായിട്ടാണ് ഇര്‍ഷാദ് എത്തുന്നത്.