അമിതാഭ് ബച്ചന്റെ വസതിയിൽ നടന്ന പ്രമുഖർ പങ്കെടുത്ത ദീപാവലി ആഘോഷത്തിനിടെ വസ്ത്രത്തിൽ തീപ്പിടിച്ച ഐശ്വര്യയുടെ മാനേജരെ ഷാരൂഖ് ഖാൻ രക്ഷിച്ചെന്ന വാർത്ത വൈറലായിരുന്നു. ഈ വാർത്ത പുറത്തെത്തിയതിന് പിന്നാലെ ഷാരൂഖിനെ നാനാതുറയിലുള്ളവർ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ഷാരൂഖ് ഖാന് പുറമെ കജോൾ, അജയ് ദേവ്ഗൺ, കരീന കപൂർ, ദുൽഖർ സൽമാൻ, വിരാട് കോഹ്‌ലി, അനുഷ്‌ക ശർമ്മ തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ആഘോഷത്തിനിടെ ഐശ്വര്യയുടെ മാനേജർ അർച്ചന സദാനന്ദിന്റെ വസ്ത്രത്തിൽ തീപടരുകയും ഇത് ശ്രദ്ധയിൽപ്പെട്ട ഷാരൂഖ് അർച്ചനയുടെ അടുത്തേക്ക് പാഞ്ഞെത്തി തീ തല്ലിക്കെടുത്തുകയുമായിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.
ഇതോടെ ഷാരൂഖ് സിനിമയ്ക്ക് പുറത്തും താരമായി. ഒട്ടനവധി പേർ ഷാരൂഖിനെ പ്രശംസിച്ച് രംഗത്ത് വന്നുവെങ്കിലും അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല.
എന്നാൽ അർച്ചനയെ രക്ഷിച്ചത് ഷാരൂഖ് അല്ലെന്നും ഐശ്വര്യയാണെന്നുമാണ് ഇപ്പോൾ വരുന്ന പുതിയ റിപ്പോർട്ടുകൾ. ഷാളിൽ തീപടർന്നപ്പോൾ ഐശ്വര്യ ഓടിയെത്തി അർച്ചനയെ രക്ഷിക്കുകയായിരുന്നുവെന്ന് ബോളിവുഡ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾ പറയുന്നു. തീപിടുത്തത്തെ കുറിച്ച് ദൃക്‌സാക്ഷികൾ പറഞ്ഞതായാണ് വിവരം.
അതേസമയം, അർച്ചന മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മുഖത്തും കാലിലും ശസ്ത്രക്രിയ കഴിഞ്ഞുവെന്നാണ് വിവരം.
Discussion about this post