അജു വര്‍ഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കമല’. 36 മണിക്കൂര്‍ കൊണ്ട് ഒരാളുടെ ജീവിതത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തില്‍ പറയുന്നത്. നിഗൂഢതകള്‍ ഒളിപ്പിച്ചുവെച്ച ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും അജുവിനെ ചിത്രത്തിലെ നായകനാക്കിയതിനെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍.
സഫര്‍ എന്ന കഥാപാത്രമായാണ് അജു ചിത്രത്തില്‍ എത്തുന്നത്. ഒരു സുപ്രഭാതത്തിലാണ് ഈ കഥാപാത്രം അജു ചെയ്താല്‍ വര്‍ക്കൗട്ട് ആകുമെന്ന് തോന്നിയത് എന്നാണ് രഞ്ജിത്ത് ശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
അജു വര്‍ഗീസ്, അനൂപ് മേനോന്‍, പുതുമുഖം റുഹാനി ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മൊട്ട രാജേന്ദ്രന്‍, ബിജു സോപാനം, സുനില്‍ സുഗത, അഞ്ജന അപ്പുക്കുട്ടന്‍, ശ്രുതി ജോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഡ്രീം എന്‍ ബിയോണ്ട്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
രഞ്ജിത്ത് ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
സഫറിന്റെ വേഷം ആരു ചെയ്യുമെന്ന് ആലോചിച്ചപ്പോള്‍ സ്വാഭാവികമായും ഇവിടെയുള്ള നായകന്മാര്‍ തന്നെയാണു മനസിലേക്കു വന്നത്. പക്ഷേ, ഇവരാരും അഭിനയിച്ചാല്‍ അതു വര്‍ക്കൗട്ട് ആവില്ലെന്നു പെട്ടെന്നു തന്നെ എനിക്കു മനസിലായി. ഒരു താരവും അഭിനയിച്ചാല്‍ പല കാരണങ്ങള്‍ കൊണ്ടും ഈ കഥാപാത്രം വര്‍ക്കൗട്ട് ആവില്ല.തുടക്കം മുതല്‍ ഒടുക്കം വരെ ഈ കഥാപാത്രത്തിന് ഒരുപാട് ഷെയ്ഡ്‌സ് ഉണ്ട്. ആര് അഭിനയിക്കും? എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. അപ്പോഴേക്കും എനിക്ക് ഈ സിനിമ ഉണ്ടാക്കണം എന്ന തീവ്രമായ ആഗ്രഹം വന്നിരുന്നു. ഒരാളും ഒരിക്കലും ഒരു നായകനായി ചിന്തിക്കാത്ത ആളുകളെ വരെ ആലോചിച്ചു. അവര്‍ക്കുപോലും ഈ കാരക്ടര്‍ വര്‍ക്കൗട്ട് ആകാതെ വന്നു. അങ്ങനെ ഈ സിനിമ ചെയ്യാന്‍ പറ്റില്ല എന്ന് ആലോചിച്ച സമയം.ഞാന്‍ കുറേ പണിപ്പെട്ട് ഉണ്ടാക്കിയ സ്‌ക്രിപ്റ്റാണ്. എങ്ങനെയെങ്കിലും ഇതു ചെയ്യണം. പക്ഷേ, ആരെയും കിട്ടുന്നില്ല. പാസഞ്ചറിലും ഇതേ അവസ്ഥ വന്നിരുന്നു. സത്യനാഥന്‍ എന്ന കഥാപാത്രത്തിനു പറ്റുന്ന ഒരാളും വരുന്നില്ലെന്നു കണ്ട് ഒടുവില്‍ ശ്രീനിയേട്ടനെ ആലോചിച്ചപ്പോള്‍ എല്ലാം ശരിയായി വന്നു.
ഒരു സുപ്രഭാതത്തിലാണ് ഇതില്‍ അജു വര്‍ഗീസിനെ ആലോചിക്കുന്നത്. അജു ചെയ്താല്‍ ആ കഥാപാത്രം വര്‍ക്കൗട്ട് ആകുമെന്നു തോന്നി. കാരണം അജുവിന് ഇമേജിന്റെ ഭാരമില്ല. സഫര്‍ ഏറെ സിംപിളായ ഒരാളാണ്. എളിമയും ലാളിത്യവും വേണ്ടിടത്തു ഗൗരവവും ഉള്ള ഒരു കഥാപാത്രം.
എന്റെ സിനിമകളില്‍ പുണ്യാളന്‍ അഗര്‍ബത്തീസിലാണ് അജു ആദ്യമായി അഭിനയിച്ചത്. അതില്‍ ഒരു നല്ല കഥാപാത്രമായിരുന്നു. സുസു സുധിയില്‍ അഭിനയിച്ചപ്പോള്‍ ആ കഥാപാത്രം അജുവിനെക്കാള്‍ രണ്ടു സ്റ്റെപ് മുകളിലായിരുന്നു. പ്രേതത്തില്‍ അഭിനയിച്ചപ്പോള്‍ വീണ്ടും രണ്ടു സ്റ്റെപ് മുകളിലായിരുന്നു അതിലെ കഥാപാത്രം. അതുപോലെ അജു ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കാള്‍ രണ്ടു സ്റ്റെപ് മുകളിലാണ് ഈ സിനിമയിലെ കഥാപാത്രം.ഈ കഥാപാത്രങ്ങളൊക്കെ അജുവിനു ചെയ്യാന്‍ പറ്റുമെന്ന് എനിക്കു തോന്നിയിരുന്നു. അജുവിന് ഞാന്‍ അപ്പോള്‍ത്തന്നെ മേസേജ് അയച്ചു. നിനക്കു നായകനാകാനുള്ള സമയമായി, തിരക്കഥ റെഡിയായിട്ടുണ്ട്. അപ്പോള്‍ത്തന്നെ അജു എന്നെ വിളിച്ചു സംസാരിച്ചു. ഞാന്‍ അയച്ച മെസേജ് അന്നുരാത്രി നിരവധി തവണ വായിച്ചതായി അജു പിറ്റേന്ന് എന്നോടു പറഞ്ഞു. തനിക്കായി അങ്ങനെയൊരു സ്‌ക്രിപ്റ്റ് ഒരാള്‍ എഴുതിയല്ലോ എന്ന് ആലോചിച്ച് അവനു സന്തോഷം തോന്നി.
Discussion about this post