കാത്തിരിപ്പിന് ഒടുവിൽ മെഗാസ്റ്റാർ മമ്മൂട്ടിയെ നേരിട്ട് കണ്ട സന്തോഷം അണപൊട്ടി കണ്ണീരായി ഒഴുകിയത് തടയാനാകാതെ ഈ ആരാധിക. താരത്തിന്റെ വീടിനുമുന്നിൽ കാത്തുനിന്ന വിദ്യാർത്ഥികളെയാണ് മമ്മൂട്ടി തന്റെ സ്വതസിദ്ധമായ സ്നേഹപ്രകടനം കൊണ്ട് അദ്ഭുതപ്പെടുത്തിയത്. എറണാകുളത്ത് മമ്മൂട്ടിയുടെ വീടിനു മുന്നിൽ ഇന്നു രാവിലെയായിരുന്നു ഈ അപ്രതീക്ഷിത സംഭവങ്ങൾ.
മമ്മൂട്ടി സ്ഥലത്തുണ്ടെന്നറിഞ്ഞാണ് ഒരു സംഘം വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ വീടിനു മുന്നിലെത്തിയത്. വീടിനു പുറത്തിറങ്ങുമ്പോൾ പ്രിയ താരത്തെ ഒരു നോക്കു കാണുകയായിരുന്നു ലക്ഷ്യം. ഒരു മണിക്കൂറോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകാനായി താരം വീട്ടിനു പുറത്തേക്കിറങ്ങി.
ഇതോടെ ആരാധകരും ആവേശത്തിലായി. തങ്ങളെ കാണാൻ താരം കൂട്ടാക്കുമോ എന്ന ആശങ്ക എല്ലാവർക്കും ഉണ്ടായിരുന്നു. ഒടുവിൽ ആരാധകരെ അത്ഭുതപ്പെടുത്തി കൊണ്ട് മമ്മൂട്ടി ആരാധകരുടെ അടുത്തേക്കെത്തുകയായിരുന്നു. ഏറെ നേരമായി തന്നെ കാത്തു നിൽക്കുകയായിരുന്ന ആരാധകരെക്കുറിച്ച് അറിഞ്ഞ മമ്മൂട്ടി, കാറിൽ കയറാതെ നേരെ അവരുടെ അടുത്തെത്തി സ്നേഹം പങ്കുവെച്ചു.
പ്രിയ താരത്തിൽ നിന്നുമുള്ള അപ്രതീക്ഷിത സ്നേഹപ്രകടനം കണ്ട ഒരു ആരാധിക പൊട്ടിക്കരഞ്ഞു. കരയുന്ന ആരാധികയെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് കാര്യങ്ങൾ തിരക്കിയ താരം, നന്നായി പഠിക്കണമെന്നും വിദ്യാർത്ഥികളെ ഉപദേശിച്ച ശേഷമാണ് തിരിച്ചത്.
Discussion about this post