ഇന്ന് മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് സ്വാസിക അല്ല, സീത അങ്ങനെ പറഞ്ഞാലെ മലയാളികള്‍ കൂടുതല്‍ ശ്രദ്ദിക്കൂ… വീട്ടിലെ സ്വന്തം അങ്കമാണ് നടി ഇന്ന്. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ നടി സജീവമാണ്.
എന്നാല്‍ തനിക്ക് ഒരു ഇരുണ്ട കാലം ഉണ്ടായിരുന്നു അന്ന് ജീവന്‍ കളയാന്‍ വരെ തയ്യാറായി.. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി തന്റെ മനസ് തുറന്നത്.
സ്വാസികയുടെ വാക്കുകള്‍…
‘സിനിമയായിരുന്നു ലക്ഷ്യം. അഭിനയിക്കണം, വലിയ നടിയായി അറിയപ്പെടണം എന്നൊക്കെയായിരുന്നു ആഗ്രഹം. തമിഴിലായിരുന്നു തുടക്കം. ഒരു മാഗസിനില്‍ വന്ന ചിത്രം കണ്ടാണ് ‘വൈഗൈ’ എന്ന സിനിമയില്‍ നായികയായി അവസരം ലഭിക്കുന്നത്. പുതിയ സംവിധായകനും നായകനുമൊക്കെയായിരുന്നു. ചിത്രം ഭേദപ്പെട്ട വിജയം നേടി. തുടര്‍ന്ന് തമിഴില്‍ മൂന്നു സിനിമകള്‍ ചെയ്തു. എല്ലാം ശ്രദ്ധേയമായ അവസരങ്ങളായിരുന്നു. എന്നിട്ടും കാര്യമായ അവസരങ്ങള്‍ കിട്ടിയില്ല. മലയാളത്തില്‍ വലിയ ചില അവസരങ്ങള്‍ ലഭിച്ചു. പ്രഭുവിന്റെ മക്കള്‍, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളില്‍ നല്ല കഥാപാത്രങ്ങളായിരുന്നു. സിനിമകളും ശ്രദ്ധേയമായി. എന്നാല്‍ അതിനു ശേഷം ഇവിടെയും നല്ല അവസരങ്ങള്‍ തേടി വന്നില്ല. തുടര്‍ന്നുള്ള മൂന്നു വര്‍ഷം ഒരു നല്ല സിനിമ പോലും കിട്ടിയില്ല. അതോടെ ഞാന്‍ ഡിപ്രഷന്റെ വക്കിലായി’.
‘എനിക്കാകെ ഇഷ്ടമുള്ളത് സിനിമയായിരുന്നു. അതിനാലാണ് പഠനം പോലും ഉപേക്ഷിച്ച് അഭിനയ രംഗത്തേക്കെത്തിയത്. എന്നാല്‍ അതില്‍ ഒന്നും ആകാന്‍ പറ്റുന്നില്ല. അതോടെ ജീവിക്കാന്‍ തന്നെ താത്പര്യമില്ലാതെയായി. എങ്ങനെയെങ്കിലും മരിക്കണം എന്ന തോന്നല്‍ പിടിമുറുക്കി. പെട്ടെന്നു മരിക്കാന്‍ എന്താണു മാര്‍ഗം എന്നൊക്കെ ആലോചിച്ചു. നാളെ ഒരു വണ്ടി വന്നു തട്ടിയിരുന്നെങ്കില്‍ എന്നൊക്കെയായി തോന്നല്‍. കൂട്ടുകാരൊക്കെ പഠനത്തിന്റെ തിരക്കില്‍. ചിലര്‍ ജോലിക്കു പോകുന്നു. ഞാന്‍ മാത്രം ‘സിനിമ… സിനിമ’ എന്നു പറഞ്ഞു സമയം കളയുന്നു. രാവിലെ എഴുന്നേല്‍ക്കുക വീട്ടില്‍ വെറുതെയിരിക്കുക എന്നതായിരുന്നു ദിനചര്യ.
‘നിരാശയുടെ പടുകുഴിയിലായി. ഒപ്പം ആളുകളുടെ ‘എന്തായി എന്തായി’ എന്ന ചോദ്യവും. ‘ഒരു ആവശ്യവുമുണ്ടായിരുന്നില്ല. പഠിക്കാന്‍ വിട്ടാല്‍ മതിയായിരുന്നു’ എന്നു വീട്ടുകാരും പറയാന്‍ തുടങ്ങി. ചുറ്റും കുത്തുവാക്കുകള്‍. ആരുടെയും മുഖത്തു നോക്കാന്‍ പറ്റുന്നില്ല. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഇതു പോര, എന്തെങ്കിലും ചെയ്യണം എന്നു തോന്നി. മെഡിറ്റേഷന്‍ യോഗ ക്ലാസിനു പോയിത്തുടങ്ങി. പതിയെ സാധാരണ ജീവിതത്തിലേക്കു മടങ്ങി വന്നു. ആ മൂന്നു വര്‍ഷം വേസ്റ്റായി എന്നു പറയാം.
ആ സമയത്താണ് ‘മഴവില്‍ മനോരമ’യിലെ ‘ദത്തുപുത്രി’ എന്ന സീരിയലിലേക്കു വിളിക്കുന്നത്. മൂന്നു വര്‍ഷം കാത്തിരുന്നിട്ടും ഒന്നുമായില്ല. എവിടെയാണു പിടിച്ചു കയറാനാകുക എന്നറിയില്ലല്ലോ. അങ്ങനെ സീരിയല്‍ തിരഞ്ഞെടുത്തു. അതു കഴിഞ്ഞ് സീരിയല്‍ മാത്രമായി. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ‘കട്ടപ്പനയിലെ ഹൃത്വിക് റോഷനും’ ‘സ്വര്‍ണ്ണക്കടുവയും’ ചെയ്തത്. ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്. മികച്ച അവസരങ്ങള്‍ ലഭിക്കുന്നു, ആഗ്രഹിച്ചതു പോലെ ജീവിക്കുന്നു.’