പഴശ്ശി രാജയ്ക്ക് ശേഷം മമ്മൂട്ടി ചരിത്ര പുരുഷന്റെ വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മാമാങ്കം’. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ ആരാധകര്‍ മമ്മൂട്ടിയെ ഒരു വടക്കന്‍വീരഗാഥ, പഴശ്ശിരാജ എന്നീ ചരിത്ര സിനിമകളിലെ കഥാപാത്രങ്ങളുമായി താരതമ്യം ചെയ്യുന്നുണ്ട്. പഴശ്ശിരാജയില്‍ അദ്ദേഹം ഒരു രാജാവായിരുന്നു, എന്നാല്‍ ഈ സിനിമയില്‍ അദ്ദേഹം ഒരു സാധാരണ പ്രജ മാത്രമാണ് എന്നാണ് സംവിധായകന്‍ പത്മകുമാര്‍ ഈ താരതമ്യത്തെ കുറിച്ച് പ്രതികരിച്ചത്.
‘പഴശ്ശിരാജ എന്ന ചിത്രത്തില്‍ മമ്മൂട്ടി രാജാവായിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ അദ്ദേഹം ഒരു സാധാരണ പ്രജ മാത്രമാണ്, രാജാവല്ല. എങ്കിലും ഒരു രാജാവിനോടു കിടപിടിക്കാവുന്ന എല്ലാ ഭാവങ്ങളും അദ്ദേഹത്തിനുണ്ട്. മമ്മൂക്കയെ സംബന്ധിച്ച് ഈ മൂന്നു കഥാപാത്രങ്ങളും മൂന്നു തലത്തില്‍, മൂന്നു രീതിയില്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. വടക്കന്‍ വീരഗാഥ ചെയ്തപ്പോള്‍ കൂടെയുണ്ടായിരുന്നതു കൊണ്ട് തന്നെ എനിക്ക് തറപ്പിച്ചു പറയാന്‍ കഴിയും, മമ്മൂക്കയുടെ അതേ ഊര്‍ജ്ജം, ആവേശം ഇന്നും അദ്ദേഹം നിലനിര്‍ത്തുന്നു. അതേ ആവേശത്തോടെയാണ് അദ്ദേഹം ഇപ്പോള്‍ മാമാങ്കത്തിലെ ചാവേറിന്റെ കഥാപാത്രവും ചെയ്തത്. മലയാള സിനിമയ്ക്കല്ല ലോക സിനിമയ്ക്കു തന്നെ എടുത്തു പറയാവുന്ന, വളരെ അപൂര്‍വമായി മാത്രം ചൂണ്ടിക്കാണിക്കാന്‍ പറ്റുന്ന അനുഭവമായിരിക്കും ഇത്’ എന്നാണ് മനോരമയുമായുള്ള അഭിമുഖത്തില്‍ സംവിധായകന്‍ പത്മകുമാര്‍ പറഞ്ഞത്.
അമ്പത് കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴിലും തെലുങ്കിലും ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് മമ്മൂട്ടി തന്നെയാണ് ശബ്ദം നല്‍കുന്നത്.
ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സുരേഷ് കൃഷ്ണ, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, പ്രാചി തഹ്ലാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാവ്യാ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അടുത്ത മാസം ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.