മെര്‍സല്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിജയ്-അറ്റ്ലീ കൂട്ടുക്കെട്ടില്‍ തീയ്യേറ്ററുകളിലെത്തിയ ചിത്രമാണ് ‘ബിഗില്‍’. ദീപാവലി റിലീസായി തീയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മലയാളി താരം അനു സിത്താര. എല്ലാ സ്ത്രീകളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ‘ബിഗില്‍’ എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
‘ചിത്രത്തിന്റെ ആത്മാവ് രണ്ടാം പകുതിയിലാണ്. പ്രചോദിപ്പിക്കുന്നതാണ്, എല്ലാ സ്ത്രീകളും തീര്‍ച്ചയായും കാണണം. എല്ലാ സ്ത്രീകള്‍ക്കുമായാണ് ചിത്രം സമര്‍പ്പിക്കുന്നത്. വിജയ്യും നയന്‍താരയും തകര്‍ത്തു’ എന്നാണ് അനു സിത്താര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
നയന്‍താരയാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ വനിതാ ഫുട്ബോള്‍ ടീമിന്റെ കോച്ചിന്റെ വേഷത്തിലാണ് വിജയ് എത്തിയത്. വിജയിയുടെ 63ാമത് ചിത്രം കൂടിയാണിത്. വിവേക്, യോഗി ബാബു, കതിര്, ഡാനിയല്‍ ബാലാജി, ജാക്കി ഷറഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്.
അതേസമയം റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് ചിത്രം നൂറ് കോടി ക്ലബ്ബിലും ഇടം നേടി. ആദ്യദിനം കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് അഞ്ച് കോടി രൂപയാണ്.
Discussion about this post