പ്രേമത്തില്‍ മലര്‍ മിസ്സായി വന്ന് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന സായ് പല്ലവി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ഇത്തവണ ഫഹദ് ഫാസിലിന്റെ നായികയായിട്ടാണ് സായ് പല്ലവി എത്തുന്നത്. നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഭാഷണം രചിക്കുന്നത് ഈമയൗവിന്റെ തിരക്കഥാകൃത്ത് പി എഫ് മാത്യൂസ് ആണ്. സിനിമയുടെ ചിത്രീകരണം ഊട്ടിയില്‍ ആരംഭിച്ചു.
അല്‍ഫോന്‍സ് പുത്രന്‍-നിവിന്‍ പോളി കൂട്ടുകെട്ടില്‍ പിറന്ന പ്രേമത്തിലെ ‘മലര്‍’ എന്ന കഥാപാത്രത്തിന് ലഭിച്ച വന്‍ സ്വീകാര്യതയ്ക്ക് ശേഷം ഒരു മലയാളചിത്രത്തിലേ സായ് പല്ലവി അഭിനയിച്ചിട്ടുള്ളൂ. 2016ല്‍ പുറത്തെത്തിയ സമീര്‍ താഹിര്‍ ചിത്രം കലിയില്‍ ദുല്‍ഖറിനൊപ്പം. ഈ ഇടവേളയില്‍ തമിഴിലും തെലുങ്കിലുമായി അവര്‍ സിനിമകള്‍ ചെയ്തു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സായ് പല്ലവി മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.
പ്രകാശ് രാജ്, സുരഭി, സുദേവ് നായര്‍, രണ്‍ജി പണിക്കര്‍, ലെന, ശാന്തി കൃഷ്ണ, അതുല്‍ കുല്‍കര്‍ണി, തുടങ്ങി വന്‍ താരനിരയുണ്ട് ചിത്രത്തില്‍. ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല. ധനുഷിനും ടൊവീനോയ്ക്കുമൊപ്പം അഭിനയിച്ച മാരി-2വാണ് ഇനി സായ് പല്ലവിയുടെ റിലീസിനായി കാത്തിരിക്കുന്ന ചിത്രം. മാരി2 വില്‍ ഓട്ടോ ഡ്രൈവറായിട്ടാണ് താരം എത്തുന്നത്.