ടൊവീനോ തോമസ് നായകനായി തീയ്യേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘എടക്കാട് ബറ്റാലിയന് 06’. ചിത്രത്തില്‍ ക്യാപ്റ്റന്‍ ഷെഫീക്ക് എന്ന പട്ടാളക്കാരന്റെ വേഷത്തിലാണ് ടൊവീനോ എത്തിയത്. ആദ്യമായാണ് ടൊവീനോ ഒരു പട്ടാളക്കാരന്റെ വേഷത്തില്‍ എത്തുന്നത്. നിറഞ്ഞ സദസിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തെയും ടൊവീനോയെയും പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വഹിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മ. ‘ഇതിലും വലിയൊരു അംഗീകാരം തനിക്കിനി കിട്ടാനില്ലെന്ന്’ പറഞ്ഞാണ് ടൊവീനോ ഈ വീഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തത്.
‘വളരെ യാദൃശ്ചികമായാണ് ഈ ചിത്രം കാണാന്‍ പോയത്. സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എനിക്ക് ബന്ധപ്പെടുത്താന്‍ സാധിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഈ ചിത്രത്തിലുണ്ട്. എന്റെ മനസിലുണ്ടായിരുന്ന, എനിക്കറിയാവുന്ന ഒരു പട്ടാളക്കാരനെ ഞാന്‍ ആ സിനിമയില്‍ കണ്ടു. ക്യാപ്റ്റന്‍ ഷെഫീക്ക് അത് വളരെ നന്നായി ചെയ്തു. പറയുന്നത് ശരിയാണോ എന്നെനിക്കറിയില്ല, ഒരു സൈനികന്റെ അമ്മ എന്ന നിലയില്‍ പറയുന്നതാണ്. എന്റെ മകന് ഒരിക്കലും ഒരു ആര്മിക്കാരനായി നാട്ടില്‍ പെരുമാറിയിട്ടില്ല. സാധാരണക്കാരില്‍ സാധാരണക്കാരനായിരുന്നു അവന്.
ക്യാപ്റ്റന്‍ ഷെഫീക്കിനെ എനിക്ക് അതുപോലെ തന്നെയാണ് തോന്നിയത്. ഒരമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ അവനെ ഒന്ന് കെട്ടിപ്പിടിക്കണമെന്ന്, ഒന്ന് മാറോടണയ്ക്കണമെന്ന് എനിക്ക് തോന്നി. ഇത് മറ്റുള്ളവര്‍ കേള്‍ക്കുമ്പോള്‍ എന്ത് പറയുമെന്ന് എനിക്ക് അറിയില്ല. പക്ഷേ ഞാന്‍ അങ്ങനെയാണ്, ലോകത്തുള്ള എല്ലാവരും എന്റെ മക്കളാണ്. ചിത്രത്തില്‍ എനിക്ക് ടൊവീനോയ്ക്ക് എന്റെ മകന്റെ സാദൃശ്യം കൂടെ തോന്നി. അതുകൊണ്ട് എത്ര പുകഴ്ത്തിയാലും എനിക്ക് മതിയാകില്ല. അത്രയും നന്നായിട്ടാണ് ടൊവീനോ ചെയ്തിരിക്കുന്നത്’ എന്നാണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മ ധനലക്ഷ്മി ഉണ്ണികൃഷ്ണന് വീഡിയോയില്‍ പറഞ്ഞത്.
നവാഗതനായ സ്വപ്നേഷ് നായരാണ് ചിത്രത്തിന്റെ സംവിധായകന്. കമ്മട്ടിപ്പാടത്തിന് ശേഷം പി ബാലചന്ദ്രന് തിരക്കഥ ഒരുക്കിയ ചിത്രം കൂടിയാണിത്. സംയുക്ത മേനോന് ആണ് ചിത്രത്തിലെ നായിക. രേഖ, ജോയ് മാത്യു, പി ബാലചന്ദ്രന്, നിര്‍മ്മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ദിവ്യാ പിള്ള, അഞ്ജലി, പൊന്നമ്മ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും റൂബി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Discussion about this post