‘മൂക്കുത്തി, മൂക്കുത്തി കണ്ടില്ല’; ശ്രേയാ ഘോഷാല്‍ പാടിയ ‘മാമാങ്ക’ത്തിലെ ആദ്യഗാനം പുറത്തുവിട്ടു

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രന്‍ ആണ്

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘മാമാങ്കം’. ചിത്രത്തിലെ ആദ്യഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘മൂക്കുത്തി, മൂക്കുത്തി കണ്ടില്ല’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ശ്രേയാ ഘോഷാല്‍ ആണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രന്‍ ആണ്.

ഉണ്ണി മുകുന്ദന്‍, ഇനിയ, സുദേവ് നായര്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ഗാനരംഗത്ത് ഉള്ളത്. സൂപ്പര്‍ ഹിറ്റ് ചിത്രം ‘പഴശ്ശിരാജ’യ്ക്ക് ശേഷം മമ്മൂട്ടി ചരിത്ര പുരുഷന്റെ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.

അമ്പത് കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന്റെ സംവിധായകന്‍ എം പത്മകുമാറാണ്. കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴിലും തെലുങ്കിലും ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് മമ്മൂട്ടി തന്നെയാണ് ശബ്ദം നല്‍കുന്നത്.

ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സുരേഷ് കൃഷ്ണ, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, പ്രാചി തഹ്ലാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാവ്യാ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അടുത്ത മാസം ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version