കൊച്ചി: ഭക്ഷണം കഴിച്ചതിന് പതിനായിരക്കണക്കിന് ബില്ലൊക്കെ ഇട്ട് പല 5 സ്റ്റാർ റസ്റ്റോറന്റുകളും പോക്കറ്റടിച്ച സംഭവം സെലിബ്രിറ്റികൾ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച് വലിയ വാർത്തകളൊക്കെ ഈയടുത്ത് സൃഷ്ടിച്ചിരുന്നു. ബോളിവുഡ് താരങ്ങൾ മാത്രമല്ല, മലയാള ചലച്ചിത്ര താരങ്ങളും ഇത്തരത്തിലുള്ള കൊള്ളയ്ക്കെതിരെ പ്രതികരിച്ച് സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയിപ്പോൾ മലയാളത്തിൽ നിന്നുള്ള ഒരു സംവിധായകൻ മലയാളികളെ മൊത്തത്തിൽ ഞെട്ടിച്ചിരിക്കുന്നത് 4.32 ലക്ഷത്തിന്റെ ഭക്ഷണത്തിന്റെ ബില്ല് കാണിച്ചാണ്.
തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ഭക്ഷണം കഴിച്ച ഞെട്ടിക്കുന്ന ബിൽ പങ്കുവച്ചിരിക്കുന്നത് സംവിധായകൻ അനീഷ് ഉപാസന. 11 തരം ഭക്ഷണത്തിനും വെള്ളത്തിനും കൂടിയാണ് ഈ 4.32 ലക്ഷം ബിൽ! ബിൽ തുക കണ്ടവർ ഞെട്ടിയെങ്കിലും അനീഷ് ഉപാസന കാര്യം വ്യക്തമാക്കിയതോടെ എല്ലാവർക്കും ശ്വാസം നേരെ വീണിരിക്കുകയാണ്.
ഇപ്പറഞ്ഞ 4.32 ലക്ഷം തുക എന്നത് ഇന്ത്യൻ രൂപയിൽ അല്ല. അങ്ങ് സൊമാലിയയിലെ കറൻസിയിലാണ് അടയ്ക്കേണ്ടത്. സൊമാലിയയിലെ ഇന്ത്യൻ ഭക്ഷണശാലയിൽ നിന്നുമാണ് സംവിധായകനും കൂട്ടരും ഭക്ഷണം കഴിച്ചിരിക്കുന്നത്. സൊമാലിലാന്റ് ഷില്ലിംഗ് ആണ് അവിടെ നിലവിലുള്ള കറൻസി. 10 സൊമാലിലാന്റ് ഷില്ലിംഗ് എന്നാൽ 1.22 ഇന്ത്യൻ രൂപയാണ്. അതായത് ഒരു ഷില്ലിംഗ് കേവലം 12.2 പൈസ! അതായത് സംവിധായകനും സംഘവും ഭക്ഷണം കഴിച്ചതിന് യഥാർത്ഥത്തിൽ ഇന്ത്യൻ രൂപയിൽ ചെലവായത് 53,000ത്തോളം രൂപമാത്രമാണ്.
ജസ്റ്റ് ഒന്ന് ഫുഡ് കഴിച്ചതാ ! എന്ന തലകെട്ടുമായാണ് ഈ വിവരം അനീഷ് ഉപാസന തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചത്. ബിരിയാണിയും മറ്റ് ഇന്ത്യൻ ഭക്ഷണങ്ങളും കഴിച്ചതിനാണ് ഈ ബിൽ വന്നിരിക്കുന്നത്. മാറ്റിനി, സെക്കന്റസ്,പോപ്കോൺ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് അനീഷ് ഉപാസന.