ലേശം അതിരു കടന്നു, ട്രോളുകള്‍ വേദനിപ്പിച്ചു; 26 വര്‍ഷമായി അഭിനയ രംഗത്തുണ്ട്, എന്റെ അഭിനയം അത്ര മോശമാണെന്ന് കരുതുന്നില്ല; മനസ് തുറന്ന് ശരത്

വന്‍ തോതിലാണ് താരത്തിനെതിരെ നടന്ന ആക്രമണങ്ങള്‍.

സിനിമയിലും സീരിയലിലുമായി തിളങ്ങി നില്‍ക്കുന്ന താരമാണ് ശരത് ദാസ്. അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞതും ശരത് ദാസ് തന്നെയായിരുന്നു. മഴവില്‍ മനോരമയിലെ ‘ഭ്രമണം’ എന്ന സീരിയലിലെ ചില ഭാഗങ്ങളാണ് താരം സോഷ്യല്‍മീഡിയയില്‍ നിറയുവാന്‍ കാരണം. വില്ലന്‍ വേഷത്തിലെത്തുന്ന ശരത് വെടിയേറ്റ് മരിച്ചു വീഴുന്ന രംഗം എടുത്തിട്ട് ട്രോളുകയാണ് സോഷ്യല്‍മീഡിയ. വന്‍ തോതിലാണ് താരത്തിനെതിരെ നടന്ന ആക്രമണങ്ങള്‍.

ഇപ്പോള്‍ ഇതില്‍ ചിലതെല്ലാം തന്നെ വേദനിപ്പിച്ചുവെന്ന് താരം പറയുന്നു. ആദ്യം ട്രോളുകള്‍ ആസ്വദിച്ചുവെങ്കിലും പിന്നീട് വ്യക്തിഹത്യ നടത്തുന്ന തലത്തില്‍ പരിഹാസം ഉയര്‍ന്നത് വലിയ വേദനയ്ക്ക് ഇടയാക്കിയെന്ന് ശരത് പറയുന്നു. വ്യാപകമായി ട്രോളുകള്‍ വന്നതോടെ മക്കളടക്കം കുടുംബം സങ്കടത്തിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആ രംഗം ഇത്രയും മോശമായിരുന്നോ എന്നു ചിന്തിച്ചു പോയെന്നും ശരത് പറയുന്നു. ‘ട്രോളുകള്‍ തമാശയും കടന്ന് പേഴ്‌സണല്‍ ഹരാസ്‌മെന്റിലേക്ക് വരെ എത്തിച്ചിരുന്നു. 26 വര്‍ഷമായി അഭിനയ രംഗത്ത് തുടരുന്നു. എന്റെ അഭിനയം അത്ര മോശമാണെന്ന് കരുതുന്നില്ല’ ശരത് കൂട്ടിച്ചേര്‍ത്തു. വീട്ടുകാരുടെ കാര്യം ആലോചിച്ചാണ് വിഷമം ഉണ്ടായതെന്നും ട്രോളന്മാരുടെ ആഘോഷം തന്റെ പെണ്‍മക്കളെയും വലിയ രീതിയില്‍ വേദനിപ്പിച്ചു എന്നും അദ്ദേഹം വെളിപ്പെടുത്തി. അവരൊക്കെ മലയാളം വായിക്കാനറിയുന്നവരല്ലേ, ചിലര്‍ കമന്റിട്ടിരിക്കുന്നത് പോയി കിളച്ച് കൂടെ എന്നൊക്കൊണ്. കുട്ടികള്‍ ഇതൊക്കെ വായിക്കുമ്പോള്‍ അവരെ വിഷമിപ്പിക്കില്ലേ എന്നും ശരത് ചോദിക്കുന്നു.

ഒടുവില്‍ ആരെങ്കിലും ട്രോളുകളെ കുറിച്ച് ചോദിച്ചാല്‍ അതൊക്കെ അച്ഛന്റെ പ്രൈവറ്റ് മാറ്റേഴ്‌സ് ആണെന്നും അതേ കുറിച്ച് ഞങ്ങളോട് ചോദിക്കേണ്ട എന്നൊക്കെ പറയാന്‍ അവര്‍ക്ക് ക്ലാസ് എടുത്ത് കൊടുക്കേണ്ടതായി വന്നുവെന്നും ശരത് പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശരത് ഇപ്രകാരം തുറന്നു പറച്ചില്‍ നടത്തിയത്.

Exit mobile version