മലയാള സിനിമാ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും സ്ത്രീത്വം തുളുമ്പുന്ന നായികമാരില്‍ ഒരാളായിരുന്നു ശ്രീവിദ്യ. മരണം അവരെ കാന്‍സറിന്റെ രൂപത്തില്‍ കവര്‍ന്നെങ്കിലും ഇന്നും മലയാളികളുടെ ഹൃദയത്തില്‍ ജീവിക്കുന്ന അപൂര്‍വ്വം താരങ്ങളില്‍ ഒരാളാണ് അവര്‍. കലയ്ക്കായി തന്റെ ജീവിതം മാറ്റിവെച്ച കലാകാരി കൂടിയായിരുന്നു ശ്രീവിദ്യ. നടനായ കൃഷ്ണമൂര്‍ത്തിയുടെയും സംഗീതജ്ഞയായ എംഎല് വസന്തകുമാരിയുടെയും മകളായി 1953 ജൂലൈ 24 നാണ് ശ്രീവിദ്യയുടെ ജനനം.
പിതാവിന് അസുഖം ബാധിച്ച് കുടുംബം സാമ്പത്തിക പ്രതിസന്ധിയില്‍ ആയതിനെ തുടര്‍ന്ന് വളരെ ചെറുപ്പത്തില്‍ തന്നെ ബാലതാരമായി സിനിമാ ലോകത്ത് എത്തപ്പെട്ടതാണ് ശ്രീവിദ്യ. തിരുവരുചെല്വര് എന്ന ചിത്രത്തില്‍ ശിവാജി ഗണേശനൊപ്പവും മലയാള ചിത്രം കുമാര സംഭവത്തില്‍ ഒരു ഡാന്‍സ് സീനിലും ശ്രീവിദ്യ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഡല്‍ഹി ടു മദ്രാസ് എന്ന ചിത്രത്തില്‍ ജയശങ്കറിന്റെ നായിക ആയാണ് ശ്രീവിദ്യയുടെ അരങ്ങേറ്റം. എന്നാല്‍ ശ്രീവിദ്യയ്ക്ക് കരിയറില്‍ ബ്രേക്ക് സമ്മാനിച്ചത് കെ ബാലചന്ദ്രന് സംവിധാനം ചെയ്ത് 1971ല്‍ പുറത്തിറങ്ങിയ നൂട്രിക്ക് നൂറ് എന്ന ചിത്രമാണ്. പീന്നീട് അങ്ങോട്ട് ശ്രീവിദ്യയുടെ കാലമായിരുന്നു. അപൂര്‍വ്വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെ രജിനികാന്തിന്റെ നായികയായി ചരിത്രവും ശ്രീവിദ്യ കുറിച്ചു. അപൂര്‍വ്വ രാഗങ്ങളില്‍ അഭിനയിച്ചതൊടെ നായകന് കമല്‍ഹാസനുമായി പ്രണയത്തില്‍ ആവുകയും ചെയ്തു. എന്നാല്‍ ആ പ്രണയത്തിന് അധികം ആയുസുണ്ടായിരുന്നില്ല.
മലയാളത്തില്‍ ശ്രീവിദ്യയുടെ അരങ്ങേറ്റം ചട്ടമ്പി കവല എന്ന ചിത്രത്തില്‍ സത്യന്റെ നായിക ആയിട്ടായിരുന്നു. പിന്നീട് അങ്ങോട്ട് മലയാള സിനിമയുടെ മുഖശ്രീ ആയി ശ്രീവിദ്യ. വെറുമൊരു നായികാവേഷം എന്നതിലുപരി അഭിനയപ്രാധാന്യമുള്ള വേഷങ്ങളായിരുന്നു ശ്രീവിദ്യ ചെയ്ത ഓരോ കഥാപാത്രങ്ങളും. ആദാമിന്റെ വാരിയെല്ലിലെ ആലീസ്, എന്റെ സൂര്യപുത്രിക്ക് എന്ന ചിത്രത്തിലെ വസുന്ധരാ ദേവി തുടങ്ങിയവ ശ്രീവിദ്യ അനശ്വരമാക്കിയ കഥാപാത്രങ്ങളാണ്. മലയാളത്തില്‍ ശ്രീവിദ്യ ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് മധുവിനൊപ്പമാണ്. സത്യന്-ശാരദ, പ്രേംനസീര്‍-ഷീല ജോഡികളെ പോലെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ജോഡികളായിരുന്നു മധു-ശ്രീവിദ്യ.
1976ല്‍ തീക്കനല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കവേയാണ് ജോര്‍ജ് തോമസിനെ താരം വിവാഹം കഴിച്ചത്. വീട്ടുകാരെ എതിര്‍ത്തുള്ള വിവാഹമായിരുന്നു ഇത്. എന്നാല്‍ കുടുംബ ജീവിതം അവര്‍ വിചാരിച്ചത് പോലെ സുഖകരമായിരുന്നില്ല. കല്യാണം കഴിഞ്ഞ് കുടുംബിനി ആയി കഴിയാന്‍ ആഗ്രഹിച്ച അവരെ ഭര്‍ത്താവ് നിര്‍ബന്ധിച്ച് അഭിനയിപ്പിക്കുകയായിരുന്നു. ജോര്‍ജിനെ കല്യാണം കഴിച്ചത് ജീവിതത്തിലെ വലിയൊരു തെറ്റാണെന്ന് വൈകിയാണ് ശ്രീവിദ്യ മനസിലാക്കിയത്. തുടര്‍ന്ന് ജോര്‍ജില്‍ നിന്ന് വിവാഹ മോചനം നേടി ശ്രീവിദ്യ വീണ്ടും സിനിമയുടെ ലോകത്തേക്ക് തിരിച്ചെത്തി. സിനിമയില്‍ തിരിച്ചെത്തിയ ശ്രീവിദ്യ പിന്നീട് ഗോസിപ്പ് കോളങ്ങളിലും ഇടം പിടിച്ചു. സംവിധായകന് ഭരതനുമായുള്ള ബന്ധമാണ് അവരെ ഗോസിപ്പ് കോളത്തിലാക്കിയത്.
അഭിനയം പോലെ തന്നെ നല്ലൊരു പാട്ടുകാരിയും കൂടിയായിരുന്നു ശ്രീവിദ്യ. അയലത്തെ സുന്ദരി, ഒരു പൈങ്കിളിക്കഥ, നക്ഷത്രത്താരാട്ട് എന്നീ ചിത്രങ്ങളില്‍ ശ്രീവിദ്യ പാടിയ പാട്ടുകള്‍ മലയാളികള്‍ ഇന്നും ഓര്‍ക്കുന്നവയാണ്. പക്ഷേ സിനിമയുടെ സൗന്ദര്യങ്ങളൊന്നും അവരുടെ വ്യക്തി ജീവിതത്തില്‍ ഇല്ലായിരുന്നു. പ്രണയത്തിലും വിവാഹത്തിലും ഒരുപോലെ തോറ്റുപോയി അവര്‍. ഒടുവില്‍ കാന്‍സര്‍ എന്ന മഹാരോഗത്തിന് മുന്നില്‍ അടിയറവ് പറഞ്ഞ് 2006 ഒക്ടോബര്‍ 19ന് മലയാളത്തിന്റെ ശ്രീ ഈ ലോകത്തോട് വിടപറഞ്ഞു. വിടപറഞ്ഞ് കാലം ഇത്രയും ആയെങ്കിലും തന്റെ ചിത്രത്തിലൂടെയും തന്റെ പേരില്‍ കലാകാരന്മാര്ക്ക് ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പിലൂടെയും അവര്‍ ഇന്നും ജീവിക്കുകയാണ്.
Discussion about this post