മുംബൈ: ബോളിവുഡ് താരം അമീഷ പട്ടേലിന് തിരിച്ചടിയായി വാറന്റ്. ചെക്ക് തട്ടിപ്പ് കേസിലാണ് താരത്തിനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. അജയ് കുമാർ സിങ് എന്ന വ്യക്തിയാണ് മൂന്ന് കോടിയുടെ ചെക്ക് നൽകി പറ്റിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
അജയ് കുമാറിന്റെ ഉടമസ്ഥതയിലുള്ള പലിശയിടപാട് കേന്ദ്രത്തിൽ നിന്നും രണ്ടരക്കോടി രൂപ അമീഷയും ബിസിനസ് പങ്കാളിയായ കുണാലും ചേർന്ന് വായ്പ എടുത്തിരുന്നു. 2018-ൽ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് ഇരുവരും പണം വായ്പ എടുത്തത്. എന്നാൽ ചിത്രം റിലീസായില്ല. തുടർന്ന് പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട കുണാലിന് അമീഷ മൂന്ന് കോടി രൂപയുടെ ചെക്കാണ് നൽകിയത്. അക്കൗണ്ടിൽ പണമില്ലാത്തതിനെ തുടർന്ന് ചെക്ക് മടങ്ങി. ഇതോടെ പണം ലഭിക്കാൻ മറ്റ് മാർഗ്ഗങ്ങളില്ലാത്തതിനാലാണ് അമീഷയ്‌ക്കെതിരേ നിയമനടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് അജയ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.
പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടുള്ള തന്റെ കോളുകൾ അമീഷയും കുണാലും അവഗണിച്ചുവെന്നും താനയച്ച വക്കീൽ നോട്ടീസിനോട് ഇരുവരും പ്രതികരിച്ചില്ലെന്നും അജയ് പറയുന്നു. തുടർന്നാണ് കഴിഞ്ഞ വർഷം താരത്തിനെതിരെ അജയ് റാഞ്ചി കോടതിയിൽ പരാതി നൽകിയത്. ഈ സംഭവത്തിലാണ് ഇപ്പോൾ കോടതി നടപടിയുണ്ടായിരിക്കുന്നത്.
മറ്റൊരു തട്ടിപ്പ് കേസിലും താരത്തിനെതിരേ റാഞ്ചി കോടതിയിൽ പരാതി നിലവിലുണ്ട്. പണം കൈപ്പറ്റിയ ശേഷം പങ്കെടുക്കാമെന്ന് ഏറ്റ പരിപാടിയിൽ അമീഷ പങ്കെടുക്കാതിരുന്നതിനെ തുടർന്നാണ് ഒരു ഇവന്റ് കമ്പനി ഫെബ്രുവരിയിൽ താരത്തിനെതിരെ നിയമനടപടികളുമായി രംഗത്ത് വന്നത്.