ബോളിവുഡില്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന മറ്റൊരു സ്‌പോര്‍ട്‌സ് ചിത്രമാണ് ഇന്ത്യയുടെ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിതവും 1983 ലെ ലോകകപ്പ് വിജയവും. ചിത്രത്തില്‍ കപില്‍ ദേവിന്റെ വേഷത്തിലെത്തുന്നത് രണ്‍വീര്‍ സിംഗാണ്. നേരത്തേ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു. ചിത്രത്തിനായി താരം ക്രിക്കറ്റ് പരിശീലിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ലണ്ടനിലെ ചിത്രീകരണത്തിനിടയില്‍ ലോകകപ്പ് ഉയര്‍ത്തുന്നതിനിടയില്‍ രണ്‍വീര്‍ വികാരാധീനനായ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍ണായക രംഗങ്ങളുടെ ഷൂട്ട് ലണ്ടനിലെ ലോര്‍ഡ്സ് മൈതാനത്തിലാണ് ചിത്രീകരിച്ചത്. ഇവിടെ വെച്ചാണ് ലോകകപ്പ് ഉയര്‍ത്തുന്ന രംഗം ഷൂട്ട് ചെയ്തപ്പോള്‍ താരം കരഞ്ഞത്. ചിത്രത്തിന്റെ സംവിധായകന്‍ കബീര്‍ ഖാന്‍ ഒരു അഭിമുഖത്തിലാണ് ഇതിനെ കുറിച്ച് വെളിപ്പെടുത്തിയത്.
‘ലണ്ടനില്‍ യഥാര്‍ത്ഥ ലോകകപ്പ് വെച്ചാണ് ഞങ്ങള്‍ ചിത്രീകരണം ആരംഭിച്ചത്. ഇതുവരെ ഒരു ക്യാമറയ്ക്കും പ്രവേശനമില്ലാത്ത വഴികളിലൂടെ ഞങ്ങള്‍ നടന്നു. യഥാര്‍ത്ഥ ലോകകപ്പ് എടുത്ത് ഉയര്‍ത്തിയപ്പോള്‍ രണ്‍വീര്‍ വികാരാധീനനായി. അദ്ദേഹത്തിന് കരച്ചില്‍ നിയന്ത്രിക്കാനാവാത്ത അവസ്ഥയായിരുന്നു. ഇത് കണ്ട് താന്‍ കട്ട് പറയാന്‍ നിര്‍ബന്ധിതനായി’ എന്നാണ് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ കപില്‍ ദേവും രണ്‍വീര്‍ സിംഗും തമ്മിലുള്ള സാമ്യം വലിയ വാര്‍ത്ത ആയിരുന്നു. എന്നാല്‍ ഇത് വളരെ യാദൃശ്ചികമായി സംഭവിച്ചതാണെന്നാണ് സംവിധായകന്‍ കബീര്‍ ഖാന്‍ പറഞ്ഞത്. അത്തരത്തിലുള്ള ഒരു പ്ലാനിങ്ങും ഇല്ലായിരുന്നു. 45 ദിവസം കപില്‍ ദേവ് ആയി ജീവിക്കാന്‍ കഴിയുന്ന ആളെ കുറിച്ചു ഓര്‍ത്തപ്പോള്‍ തന്നെ രണ്‍വീറിന്റെ മുഖം മനസില്‍ വന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ആണ് കപിലിന്റെ ഭാര്യ റോമിയുടെ വേഷത്തിലെത്തുന്നത്. ഏപ്രിലില്‍ ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post