ദിവ്യാ ഉണ്ണിയുടെ മികച്ച സിനിമകളില്‍ ഒന്നാണ് വിനയന്റെ സംവിധാനത്തില്‍ 1999ല്‍ തീയ്യേറ്ററുകളിലെത്തിയ ഹൊറര്‍ ചിത്രമായ ‘ആകാശഗംഗ’. ചിത്രത്തില്‍ താരം അവതരിപ്പിച്ച മായ എന്ന കഥാപാത്രം ഇപ്പോഴും പ്രേക്ഷക മനസില്‍ നിലനില്‍ക്കുന്ന ഒരു കഥാപാത്രമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം നവംബര്‍ ഒന്നിന് തീയ്യേറ്ററുകളില്‍ എത്താന്‍ പോവുകയാണ്. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്ത് ദിവ്യാ ഉണ്ണി ഇല്ല എന്ന കാര്യം ഏറെ ചര്‍ച്ചയായിരുന്നു. അതേകുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ ദിവ്യാ ഉണ്ണി.
‘ആകാശഗംഗ എന്ന ചിത്രം എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്ന ഒരു ചിത്രമാണ്. എന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ചിത്രത്തിലേത്. ആകാശഗംഗയുടെ രണ്ടാംഭാഗം പുറത്തിറങ്ങുമ്പോള്‍ എല്ലാവരെയും പോലെ ഞാനും വലിയ ആകാംക്ഷയിലാണ്. വിനയനങ്കിളിന്റെ ചിത്രമാകുമ്പോള്‍ അത് പ്രേക്ഷകരെ നിരാശപ്പെടുത്തില്ല എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആകാശഗംഗയുടെ രണ്ടാംഭാഗത്തില്‍ അഭിനയിക്കാന്‍ കഴിയാത്തതില്‍ വിഷമം ഒന്നുമില്ല. മറിച്ച് സന്തോഷം മാത്രമേയുള്ളൂ. ആദ്യഭാഗം ജനങ്ങള്‍ ഏറ്റെടുത്തതു കൊണ്ടാണല്ലോ ഇപ്പോള്‍ അതിന് രണ്ടാം ഭാഗമുണ്ടായത്. ആദ്യചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സാധിച്ചതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. രണ്ടാം ഭാഗം ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാകാന്‍ സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു’ എന്നാണ് ദിവ്യാ ഉണ്ണി പറഞ്ഞത്.
ആകാശഗംഗ 2വില്‍ പുതുമുഖം ആതിരയാണ് നായിക. രമ്യാ കൃഷ്ണന്, പ്രവീണ, തെസ്നി ഖാന്, രാജാമണി, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, ഹരീഷ് കണാരന്, ധര്മ്മജന് ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Discussion about this post